മലപ്പുറം:മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുടുതലാണെന്നും ഈ ആശങ്കാജനകമായ സാഹചര്യം ഉൾകൊള്ളാൻ ജനങ്ങൾ തയ്യാറാവണമെന്നും ജില്ല പൊലിസ് മേധാവി സുജിത്ത് ദാസ്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് ദിവസങ്ങളിലും രോഗബാധ ഉയർന്നുവരുന്ന സാഹചര്യമാണുള്ളത്. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പരിശോധന എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ഭാഗത്ത് നിന്നും സഹകരണം ഇല്ലെങ്കിൽ രോഗം നിയന്ത്രണ വിധേയമാക്കാൻ കഴിയില്ലെന്നും ജനങ്ങളുടെ പൂർണ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾ കാണിച്ച ജാഗ്രത വരും ദിവസങ്ങളിലും തുടരണം. വീട്ടിൽ തന്നെ കഴിയാൻ എല്ലാവരും ശ്രമിക്കണം. ആരും അനാവശ്യമായി പുറത്തിറങ്ങരുത്. പ്രത്യേകിച്ച് യുവാക്കളോടാണ് അഭ്യർഥനയുള്ളതെന്നും പല യുവാക്കളും രാവിലെയും വൈകുന്നേരവും ബൈക്കിൽ കറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനോട് പരമാവധി സഹകരിക്കാൻ എല്ലാവരും തയ്യാറാവണം. ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് വേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നത്. നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ കൊവിഡ് ബാധിതരായിട്ടുണ്ട്. എന്നിട്ടും പൊലീസ് ഇതുമായി മുന്നിട്ടിറങ്ങുന്നത് ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.