മലപ്പുറം:മലപ്പുറത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. താനൂർ നഗരസഭയെ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. നേരത്തെ സമ്പർക്കത്തിലൂടെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ജില്ലയിൽ പുതിയതായി 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 266 ആയി. എന്നാൽ പുതിയതായി ആർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചില്ല എന്നത് ആശ്വാസമാണ്.
ജൂൺ 22ന് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വില്ലേജ് ഓഫീസ് ജീവനക്കാരന് ലോറി ഡ്രൈവറുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പൊന്നാനിയിൽ സമൂഹവ്യാപനം പരിശോധിക്കാൻ ടെസ്റ്റുകൾ ഇന്നുമുതൽ നടത്തും. ആദ്യ ഘട്ടത്തില്‍ ഒരു ദിവസം 10 പേരെ വീതമാണ് പരിശോധിക്കുക. സമൂഹവ്യാപന വ്യാപ്ത്തി കണ്ടെത്തുന്നതിന് താലൂക്കിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് പരിശോധന ആരംഭിക്കും.
ആവശ്യമെങ്കില്‍ വീടുകളില്‍ എത്തി സാമ്പിളുകള്‍ ശേഖരിക്കും. എടപ്പാളില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഇനിയും പൂര്‍ണമായിട്ടില്ല. ഇന്നലെ വരെ രണ്ട് ആശുപത്രികളിലുമായി നീരിക്ഷണത്തില്‍ കഴിയുന്ന 584 പേരുടെ സാമ്പിളുകള്‍ ടെസ്റ്റിന് അയച്ചു. ആദ്യഘട്ടത്തില്‍ പുറത്ത് വന്ന ഫലങ്ങള്‍ എല്ലാം നെഗറ്റീവ് ആണെങ്കിലും താലൂക്കില്‍ അതീവ ജാഗ്രത തുടരാനാണ് തീരുമാനം. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത സ്വകാര്യ ആശുപത്രിക്ക് എതിരെ പൊലീസ് കേസ് എടുത്തു. ഐ.ജി ആശോക് യാദവിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന കര്‍ശനമാക്കി. ജില്ലയിൽ 2, 360 പേർ നിരീക്ഷണത്തിലുണ്ട്.