മലപ്പുറം: ഭാരതപ്പുഴയിൽ ഇന്നലെ വൈകിട്ട് തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇട്ടികപ്പറമ്പിൽ അബ്‌ദുൽ സലാം (55), കുഴിയിനി പറമ്പിൽ അബൂബക്കർ (65) എന്നിവരുടെ മൃതദേഹങ്ങൾ ട്രോമാകെയർ പ്രവർത്തകരാണ് കണ്ടെത്തിയത്.
തോണി മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങൾ ലഭിച്ചു മൃതദേഹങ്ങൾ തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റും. അപകടം നടന്ന സ്ഥലത്തിന്‍റെ പരിസരത്ത് നിന്നു തന്നെയാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇന്നലെ ഉച്ചയോടെ കക്ക വാരാൻ പോയ നാല് സ്‌ത്രീകള്‍ ഉൾപ്പെടുന്ന ആറംഗ സംഘം കക്കയുമായി കരയിലേക്ക് മടങ്ങുന്നതിനിടെ തോണി താഴുകയും ആറ് പേരും ഒഴുക്കിൽ പെടുകയുമായിരുന്നു.
ഇന്നലെ നാലു സ്‌ത്രീകളെയും കണ്ടെത്തിയെങ്കിലും രണ്ടുപേര്‍ മരിച്ചിരുന്നു. ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിന്‍റെ ഭാര്യ സൈനബ (54) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും. രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവർ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്‌തിട്ടുണ്ട്. സ്ഥിരമായി പുഴയില്‍ കക്ക വാരാന്‍ പോകുന്നവരാണ് ഇവര്‍. കക്ക വാരി തിരിച്ചു വരുമ്പോള്‍ ഭാരം താങ്ങാനാകാതെയാണ് തോണി മറിഞ്ഞത്. വേലിയേറ്റം ആരംഭിച്ചതിനാല്‍ വെള്ളം പതിവിലും കൂടുതലായിരുന്നു. അതിനാല്‍ തോണിയിലുണ്ടായിരുന്നവര്‍ക്ക് നീന്തി രക്ഷപ്പെടാനും സാധിച്ചില്ല.
നിലവിളി കേട്ടപ്പോള്‍ പുഴക്കരയില്‍ ഉണ്ടായിരുന്നവര്‍ ആദ്യം കുട്ടികളാണ് പുഴയില്‍ മുങ്ങിയത് എന്ന് കരുതി. വീണ്ടും നിലവിളി കേട്ടതോടെ പുഴയുടെ മധ്യഭാഗത്തായി രണ്ടുപേര്‍ മുങ്ങിത്താഴുന്നത് കരയില്‍ നിന്നവര്‍ കണ്ടു. ഇവരാണ് തോണിക്കാരെ വിവരം അറിയിച്ചത്. തോണി മുങ്ങിയ ഭാഗത്ത് തെരച്ചില്‍ നടത്തിയ തോണിക്കാരാണ് ബീപാത്തുവിനെയും റസിയയേയും രക്ഷിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ റുഖിയയേയും സൈനബയേയും കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. കക്ക വാരല്‍ ഉപജീവന മാര്‍ഗമാക്കിയ നിരവധി കുടുംബങ്ങള്‍ പുറത്തൂരിലുണ്ട്.
ഭാരതപ്പുഴയാണ് പ്രദേശവാസികള്‍ ഇതിനായി ആശ്രയിക്കുന്നത്. പുഴയില്‍ നിന്ന് വാരിയ കക്ക തോട് നീക്കി ഇറച്ചിയാക്കി വില്‍ക്കും. ഇന്നലെ മറ്റൊരു സംഘവും പുഴയില്‍ ഉണ്ടായിരുന്നു. ഇവര്‍ കരയ്‌ക്ക് കയറിയതിന് ശേഷമാണ് അപകടം നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ഭാഗത്ത് മത്സ്യ ബന്ധനത്തിനിടെ യുവാവ് മുങ്ങി മരിച്ചിരുന്നു.