മലപ്പുറം: ചാപ്പനങ്ങാടിയിൽ നിന്ന് 318 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ലഹരി കടത്തുസംഘത്തിലെ മുഖ്യ പ്രതികളായ മൂന്നുപേരെ മലപ്പുറം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി ഷംസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ബാംഗ്ളൂരിലെ ഒളിത്താവളത്തിൽ നിന്നാണ് മലപ്പുറം ഇരുമ്പൂഴി സ്വദേശി പറമ്പൻ കരേകടവത്ത് അബ്‌ദുൾ ജാബിർ (31), അരീക്കോട് വെള്ളേരി സ്വദേശി തിരുവച്ചാലിൽ സിബിൽ (23), വയനാട് നടുവയൽ സ്വദേശി വീമ്പോയിൽ സജീദ് മോൻ (22) എന്നിവരെ പിടികൂടിയത്.
മലപ്പുറത്ത് കഞ്ചാവ് കടത്തു സംഘത്തിലെ മുഖ്യപ്രതികൾ പിടിയിൽ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്‌റ്റഡിയിൽ വാങ്ങും.
സെപ്‌റ്റംബർ 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആന്ധ്രയിൽ നിന്നും പച്ചക്കറി വണ്ടിയിൽ കടത്തികൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. അന്ന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഇർഷാദ്, അരീക്കോട് സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശി അബ്‌ദുറഹിമാൻ, മഞ്ചേരി സ്വദേശി അക്ബർ അലി, ഇരുമ്പൂഴി സ്വദേശി നജീബ് എന്നിവരെ പിടികൂടിയിരുന്നു. അന്ന് സംഭവസ്ഥലത്തു നിന്നും പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതികളാണ് ഇപ്പോൾ പിടിയിലായത്. പ്രതികൾക്ക് കഞ്ചാവ് കടത്തിന് സാമ്പത്തികമായി സഹായം നൽകിയ ആളുകളെയും ഇതിനു പിന്നിലുള്ള ജില്ലയിലെ ലഹരി കടത്ത് മൊത്ത വിതരണ സംഘത്തെയും അന്വോഷണ സംഘം നിരീക്ഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്‌റ്റഡിയിൽ വാങ്ങും.