മലപ്പുറം:തേക്ക് കൊണ്ട് ഫർണിച്ചർ മാത്രമല്ല, വേണമെങ്കിൽ ബുള്ളറ്റും പണിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം കരുളായി സ്വദേശി ജിതിൻ. ബുള്ളറ്റിനോടുള്ള പ്രണയം മൂത്ത് നിലമ്പൂർ തേക്കില്‍ ഒരു അസൽ ബുള്ളറ്റ് മാതൃക പണിതിരിക്കുകയാണ് ജിതിൻ. രൂപത്തിലും ഭാവത്തിലും ഒറിജിനലിനെ വെല്ലുന്ന തേക്കിൻ ബുള്ളറ്റാണ് ജിതിൻ നിര്‍മിച്ചിരിക്കുന്നത്.
തേക്ക് കൊണ്ടൊരു ബുള്ളറ്റ്; ഒറിജിലിനെ വെല്ലുന്ന രൂപ സാദൃശ്യം
രണ്ട് വര്‍ഷം കൊണ്ടാണ് തേക്കിൻ തടിയിൽ ജിതിൻ റോയൽ എൻഫിൽഡ് നിര്‍മിച്ചത്. ബുള്ളറ്റിന്‍റെ ടയറൊഴികെ ബാക്കിയെല്ലാം തേക്കിലാണ് നിര്‍മിച്ചിരിക്കുന്നത്
യൂറോപ്യൻ രാജ്യങ്ങളിൽ പിറവിയെടുത്ത റോൾസ് റോയ്‌സ് കാറിന്‍റെ ഇന്‍റീരിയല്‍ വർക്കിന് നിലമ്പൂർ തേക്കാണ് ഉപയോഗിക്കാറ്. എന്നാല്‍ കാറിന്‍റെ നിര്‍മിതിക്ക് മാത്രമല്ല, ഒരു ബൈക്ക് മുഴുവനും തേക്കിൽ തീര്‍ക്കാനാകുമെന്നാണ് ജിതിൻ പറയുന്നത്. രണ്ട് വര്‍ഷം കൊണ്ടാണ് തേക്കിൻ തടിയിൽ റോയൽ എൻഫിൽഡ് നിര്‍മിച്ചത്. ബുള്ളറ്റിന്‍റെ ടയറുകൾ മലേഷ്യന്‍ ഇരുളിലാണ് നിര്‍മിച്ചത്. ബാക്കിയെല്ലാം നിര്‍മിച്ചിരിക്കുന്നത് തേക്കിൻ തടിയിലുമാണ്. ജോലിയുടെ ഇടവേളകളിലും ഒഴിവുസമയങ്ങളിലുമായിരുന്നു ജിതിൻ ബുള്ളറ്റ് നിര്‍മാണത്തിന് സമയം കണ്ടെത്തിയിരുന്നത്.