മലപ്പുറം: എടക്കര വെസ്റ്റ് പെരുക്കുളം തെക്കൻ മുസ്‌തഫയുടെ മകനും എടക്കരയിലെ റെഡിമെയ്‌ഡ് കട ഉടമയുമായ ഷാനിജാണ് കുതിര സവാരിക്കായി തന്‍റെ ബൈക്ക് വിറ്റ് കുതിരയെ വാങ്ങിയത്. പ്രഭാതസവാരിക്കും കടയിലേക്ക് പോകുന്നതിനും ഷാനിജിന് കുതിരവണ്ടി തന്നെ. കടയിൽ നിന്നും കുതിരയെ വീട്ടിലെത്തിക്കുന്നത് പിതാവ് മുസ്‌തഫയാണ്. വാഹനങ്ങൾ ചീറി പായുന്ന പാലേമാട്-എടക്കര റൂട്ടിലും, കെഎൻജി റോഡിൽ മുണ്ട മുതൽ പാലുണ്ടവരെയും പതിവ് തെറ്റാതെ ഷാനിജ് കുതിര സവാരി നടത്തുന്നുണ്ട്. തലയെടുപ്പോടെ കുതിരപ്പുറത്തുവരുന്ന ഷാനിജാണിപ്പോൾ നാട്ടിലെ താരം.
കുതിര സവാരി കമ്പം; യുവ വ്യാപാരി ബൈക്ക് വിറ്റ് കുതിരയെ വാങ്ങി - കുതിര സവാരി
ബൈക്കുകൾ വിറ്റ് കുതിരയെ വാങ്ങാനുള്ള തയാറെടുപ്പിലാണ് എടക്കരയിലെ പല യുവാക്കളും
ഷാനിജിന് കുതിര പ്രേമം തുടങ്ങിയത് ഊട്ടി സന്ദർശിച്ച് കുതിര പുറത്ത് സവാരി നടത്തിയപ്പോഴാണ്. പിന്നീട് ഒരു കുതിരയെ സ്വന്തമാക്കാൻ തന്‍റെ ബൈക്ക് വിറ്റു. 85000 രൂപ നൽകി കറുത്ത നിറമുള്ള കുതിരയെ സ്വന്തമാക്കി അവന് സുൽത്താൻ എന്ന പേരും നൽകി. ആറ് മാസം മുൻപ് 80,000 രൂപക്ക് സുൽത്താനെ വിറ്റ് 1.25 ലക്ഷം രൂപ നൽകി വെളുത്ത നിറവും തലയെടുപ്പുമുള്ള രാജാ എന്ന കുതിരയെ സ്വന്തമാക്കി. കുതിരക്ക് വീട്ടിലുള്ള എല്ലാവരുമായി നല്ല ഇണക്കമാണെന്നും സൗമ്യ സ്വഭാവമാണെന്നും ഷാനിജ് പറഞ്ഞു. ബൈക്കുകൾ വിറ്റ് കുതിരയെ വാങ്ങാനുള്ള തയാറെടുപ്പിലാണ് എടക്കരയിലെ പല യുവാക്കളും. 1980കളിൽ കുതിരപ്പുറത്ത് എത്തിയിരുന്ന ജയൻ, നസീർ തുടങ്ങിയ നടൻമാർ ജനങ്ങളുടെ ഹരമായിരുന്നു. ഗോതമ്പ് പൊടി, ബേക്കറി പലഹാരങ്ങൾ, കടലമിഠായി എന്നിവയെല്ലാം കുതിരയുടെ ഇഷ്‌ടഭക്ഷണങ്ങളാണെന്നും ഷാനിജ് പറഞ്ഞു.