മലപ്പുറം: നിളാതീരത്ത് സ്ഥിതിചെയ്യുന്ന തിരുനാവായ എന്ന ഗ്രാമത്തിന് അനേകം പ്രത്യേകതകളുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവുമധികം താമര കൃഷി ചെയ്യുന്ന ഇടങ്ങളിലൊന്നാണ് തിരുനാവായ. എന്നാൽ വിരിഞ്ഞ താമരകളെല്ലാം തന്നെ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വാടി വീഴുകയാണ്. ഏറ്റെടുക്കാൻ ആളില്ലെന്നതാണ് പ്രശ്‌നം.
അമ്പലമണികൾ നിലച്ചു; വാടി വീണ് താമരപൂക്കൾ - തിരുനാവായ താമര കർഷകർ
പ്രളയ തകർച്ചക്ക് ശേഷവും താമരപ്പൂ കൃഷിയിലേക്ക് കടന്ന തിരുനാവായയിലെ കർഷകരെ വീണ്ടും ആശങ്കയിലാക്കുകയാണ് കൊവിഡിന്‍റെ വ്യാപനം

ഇവിടെ നിന്നും ദിനംപ്രതി പതിനായിരത്തിലധികം താമരയാണ് ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ലോക്‌ഡൗൺ സാഹചര്യത്തിൽ സമൂഹവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ക്ഷേത്രങ്ങളെല്ലാം അടച്ചതിനാൽ താമരപൂവിന് ആവശ്യക്കാർ ഇല്ലാതെയായി. പൊതുഗതാഗതം നിലച്ചതും സ്വകാര്യ ഗതാഗതം നിയന്ത്രണ വിധേയമായതിനാലും താമര കയറ്റി അയക്കാൻ കഴിയാതെയായി. തൽഫലമായി പതിനായിരത്തിലധികം രൂപയുടെ നഷ്‌ടമാണ് കർഷകർക്ക് പ്രതിദിനം ഉണ്ടാകുന്നത്. താമര പൂക്കൾ വിളവെടുത്തില്ലെങ്കിൽ അത് താമര വള്ളികളുടെ നാശത്തിന് കാരണമാകും. താൽകാലിക പരിഹാരമെന്നോണം താമര പൂക്കൾ വളർത്തുമൃഗങ്ങൾക്ക് തീറ്റയായി നൽകുകയാണ് കർഷകർ.
വലിയ പറപ്പൂർ കായൽ, നെച്ചിപ്പാടം, കൊടക്കൽ താഴം എന്നീ പ്രദേശങ്ങളിലായി നിരവധി കർഷകരാണ് താമരകൃഷി ചെയ്യുന്നത്. അടുത്തിടെയാണ് സംസ്ഥാനത്തെ പുഷ്‌പഗ്രാമമായി തിരുനാവായയെ കേരള സർക്കാർ പ്രഖ്യാപിച്ചത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ സർക്കാർ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് തിരുനാവായയിലെ താമര കർഷകർ.