മലപ്പുറം: ചരക്ക് ലോറികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ തൊഴിലാളികളുടെ കൈവശം 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ണാടകയുടെ നിബന്ധന പിന്‍വലിയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ല ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍.
കക്കനള്ള, മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി അതിര്‍ത്തി ചെക്കുപോസ്റ്റുകളിലാണ് കര്‍ണാടക സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. കക്കനള്ള ചെക്ക്പോസ്റ്റില്‍ മൂന്ന് ദിവസമായി ചരക്ക് ലോറികള്‍ തടഞ്ഞിട്ടിരിയ്ക്കുകയാണ്.
ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വാഹനമടക്കം കേരളത്തിലേയ്ക്ക് തന്നെ തിരിച്ചയയ്‌ക്കുന്നു. ഈ നില തുടര്‍ന്നാല്‍ അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.