മലപ്പുറം: വഴിക്കടവ് രണ്ടാം പാടത്ത് പുലി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക് (bike traveler injured in leopard attack). വഴിക്കടവ് രണ്ടാം പാടത്ത് ബാർബർ ഷോപ്പ് ഉടമയായ പന്താർ അസറിനാണ് പരിക്കേറ്റത്. രാത്രി 11 മണിയോടെയാണ് സംഭവം. കടയടച്ച് വീട്ടിലേക്ക് വരുമ്പോൾ ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് അസർ പറഞ്ഞു.
അപകടത്തിൽ ഇയാൾക്ക് കാര്യമായ പരിക്കുണ്ട്. ഹെഡ്‌ലൈറ്റിന്‍റെ വെളിച്ചത്തിൽ പുലിയെ ഇയാൾ വ്യക്തമായി കണ്ടു എന്നു പറയുന്നു. രണ്ടുമൂന്ന് ദിവസം മുന്നെ സമീപത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ എം വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.
ടാർ ചെയ്‌ത റോഡായതിനാൽ കാൽപാടുകൾ പുലിയുടെതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാരും ഫോറസ്‌റ്റ് വാച്ചറും ചേര്‍ന്ന് അസറിനെ പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ അയ്യംകുന്നില്‍ പുലിയിറങ്ങി:കണ്ണൂര്‍- കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അയ്യംകുന്ന് പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ മൂന്ന് ദിവസമായി തുടര്‍ച്ചയായി പുലിയെ കണ്ടതിന്‍റെ ഭീതിയിലാണ് ജനങ്ങള്‍(Leopard Seen In Kannur Ayyamkunnu). വാണിയപ്പാറക്കടുത്ത് വളര്‍ത്തു നായയെ പുലി ആക്രമിച്ചതോടെ പുലിയുടെ സാനിധ്യം ഇവിടെ സജീവമാണെന്ന് വ്യക്തമായെന്ന് നാട്ടുകാര്‍ പറയുന്നു.
വീട്ടില്‍ കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിന് കടിയേറ്റെങ്കിലും നായ അത്ഭുതകരമായി രക്ഷപ്പെട്ടു. നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി നായയെ ഉപേക്ഷിക്കുകയായിരുന്നു. നായയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.