മലപ്പുറം:അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ അഡ്വ.വി.വി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിരവധി പേര്‍ക്ക് വ്യാജ ഐഡിയില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വന്നിട്ടുണ്ട്.
പണം വേണമെന്ന് ആവശ്യം
വെള്ളിയാഴ്ച രാവിലെ ഊര്‍ങ്ങാട്ടിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സി. ഷാജിയുടെ ഫോണിലേക്ക് ഇത്തരത്തിൽ വ്യാജ ഐഡിയില്‍ നിന്ന് റിക്വസ്റ്റ് അയക്കുകയും തുടര്‍ന്ന് ഒരു സഹായം ചെയ്യാമോ എന്ന് ചോദിച്ച് സന്ദേശം വരികയും ചെയ്തിരുന്നു. അത്യാവശ്യമായി 20,000 രൂപ അയക്കാമോയെന്നും നാളെ മടക്കി നല്‍കാമെന്നും പറഞ്ഞ സന്ദേശമായിരുന്നു അടുത്തത്.
ഗൂഗിൾ പേ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ്
സംശയം തോന്നിയ ഷാജി തന്റെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ ഗൂഗിൾ പേ നമ്പർ കൊടുക്കുകയായിരുന്നു. ഉടനെ വി.വിപ്രകാശിന്റെ കുടുംബത്തെ ബന്ധപ്പെട്ട് ഇങ്ങനെ ഒരു ഫേസ്ബുക്ക് ഐഡി ബന്ധപ്പെട്ടവരാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.സമാന രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളുമായ നിരവധി പേര്‍ക്ക് ഈ വ്യാജ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകളും സന്ദേശങ്ങളും വന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഷാജി പച്ചേരി ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് പരാതി നല്‍കിയിട്ടുണ്ട് .മരിച്ച ഒരാളുടെ പേരില്‍ ഇത്തരം കള്ളത്തരം നടത്തിയവരെ ഉടനെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ച് ജില്ലയില്‍ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്.