മലപ്പുറം:ലോക്ക് ഡൗൺ കാരണം മരുന്നിന് ബുദ്ധിമുട്ടിയ വയോധികർക്ക് മരുന്ന് എത്തിച്ച് വേറിട്ട മാതൃകയായിരിക്കുകയാണ് കോട്ടക്കൽ പൊലീസ്. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുകയും തങ്ങൾക്ക് കഴിക്കാനുള്ള മരുന്നുകൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌ത വയോധികർക്കാണ് പൊലീസ് മരുന്ന് എത്തിച്ച് നൽകിയക്. ലോക്ക് ഡൗൺ കാരണം മക്കൾ ഒന്നും വീട്ടിൽ ഇല്ല എന്ന പരിഭവവും ഇവർ പൊലീസുമായി പങ്കുവെച്ചിരുന്നു.
കോട്ടക്കൽ സ്വദേശിയായ 82 കാരൻ കൃഷ്‌ണനും ഭാര്യ നളിനിയും പ്രതിദിനം മരുന്ന് കഴിക്കുന്നവരാണ്. എന്നാൽ ലോക്ക് ഡൗൺ കാരണം മരുന്ന് കിട്ടാതായതോടെ വലിയ ബുദ്ധിമുട്ടിലായിരുന്നു ഇരുവരും. രണ്ടുപേർക്കും മക്കളുണ്ടെങ്കിലും ഒരു മകൾ വിദേശത്തും ഒരു മകൻ മഞ്ചേരിയിലുമാണ്. ഇവർക്ക് ലോക്ക് ഡൗൺ കാരണം കോട്ടക്കലിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് വയോധികർക്ക് മരുന്നിന് ആവശ്യം ഉണ്ടാവുന്നതും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വാക്കുകൾ ഓർത്തെടുക്കുന്നതും. തുടർന്ന് ഉടൻ തന്നെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചു. ഫോൺ വന്നപ്പോൾ തന്നെ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്എച്ച്ഒ എം. സുജിത്ത്, എഎസ്ഐ രവീന്ദ്രൻ, സിപിഒ സുജിത്ത് എന്നിവർ മരുന്നുകളെല്ലാം വാങ്ങി കോട്ടക്കൽ മൈത്രി നഗറിലുള്ള വയോധികരുടെ വീട്ടിലേക്ക് എത്തിച്ചു നൽകി.