മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്നേക്ക് വര്‍ഷം പൂര്‍ത്തിയാകുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടും പ്രതികളുടെ നിസഹകരണം മൂലം കേസ് ഇഴയുകയാണ്. അതിനിടെ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഷന്‍ കാലാവധിക്കിടെ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്‌തു. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും ശ്രീറാമിനെ സംരക്ഷിച്ചതിന് പിന്നിൽ ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കൈകളാണെന്നും ബഷീറിന്‍റെ കുടുംബം ആരോപിച്ചു. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും കുടുംബം പറഞ്ഞു.
കെ. എം ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം - കെ. എം ബഷീര്‍
ശ്രീറാമിനെ സംരക്ഷിച്ചതിന് പിന്നിൽ ഐഎഎസ് ലോബിയാണെന്ന് ബഷീറിന്‍റെ കുടുംബം
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ച് സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീറിന്‍റെ ബൈക്കില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു കയറിയത്. കേസില്‍ ഒന്നാം പ്രതിയായി ശ്രീറാം വെങ്കിട്ടരാമനെയും രണ്ടാം പ്രതിയായി വഫ ഫിറോസിനേയും പ്രതി ചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെ മാര്‍ച്ച് 23നാണ് ആരോഗ്യവകുപ്പ് ജോയിന്‍ സെക്രട്ടറിയായി ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. അപകടസമയത്ത് ബഷീറിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിയാത്തയും ദുരൂഹമായി തുടരുകയാണ്.