മലപ്പുറം: അബ്ദുൾസലാമിന്‍റെ ചായക്കടയിൽ എത്തുന്നവർക്ക് അത്ഭുതമാണ്. വെറുമൊരു ചായക്കടയല്ല. ബസ് ചായക്കടയാണ് അബ്ദുൾസലാമിന്‍റേത്. മലപ്പുറം അരീക്കോട് തടത്തിൽ വളവിലാണ് ഈ അപൂർവ ചായക്കട.
ബസിനോടുള്ള പ്രേമം ചായക്കടയായപ്പോൾ - മലപ്പുറം
മലപ്പുറം അരീക്കോട് തടത്തിൽ വളവിലെ ബസ് ചായക്കട നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുകമാകുന്നു

ബസിനോട് അടങ്ങാത്ത പ്രേമമാണ് അബ്ദുൾസലാമിന്. അതുകൊണ്ട് തന്നെ തന്‍റെ ചായക്കടയെ ബസ് മാതൃകയിലൊരുക്കാൻ അബ്ദുൾസലാം തീരുമാനിച്ചു. പതിനെട്ടാം വയസ്സിൽ ബസ് ഡ്രൈവറായി ആരംഭിച്ച ജീവിതം 18 വർഷത്തോളം തുടർന്നു. ഗൾഫിൽ പോയി തിരിച്ചെത്തിയപ്പോഴും ബസിനോട് അടങ്ങാത്ത ഭ്രമമായിരുന്നു അബ്ദുൽസലാമിന്. അങ്ങനെ മൂന്ന് ബസ് സർവീസുകൾ ആരംഭിച്ചു. എന്നാൽ സർവീസുകൾ നഷ്ടമായതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും, പിന്നീടാരംഭിച്ച ചായക്കട ബസ് ആകൃതിയിൽ ഒരുക്കികൊണ്ട് തന്‍റെ ആഗ്രഹം സഫലീകരിച്ചു.
ബസിൽ സ്ഥലവും നിരക്കും കുറിക്കുന്നിടത്ത് പഴംപൊരി, സമൂസ തുടങ്ങിയ വിഭവങ്ങളാണ് കാണുക.
ബസിന്‍റെ ഒരു വശത്ത് ഭക്ഷണം കഴിക്കാനുള്ള സ്ഥലവും മറു വശത്ത് അടുക്കളയും കാണാം. തികച്ചും വ്യത്യസ്തമായ ചായക്കടയിലേക്ക് ദീർഘദൂര യാത്രക്കാർ പോലും എത്തുന്നുണ്ട്. ബസിൽ യാത്രകൾ ശീലിച്ചവരെ ആഹാരം ശീലിപ്പിക്കുകയാണ് അബ്ദുൾസലാമിന്‍റെ ചായക്കട.