മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ മലപ്പുറം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയിൽ അബ്ദുൽ വഹാബിന്‍റെ മകൻ യുവാൻ ജൂതിനെയാണ് രക്ഷപ്പെടുത്തിയത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയ കുട്ടിയുടെ നെഞ്ചോളം ഭാഗം പാത്രത്തിനുള്ളിൽ കുടുങ്ങി പോകുകയായിരുന്നു.
പാത്രത്തിനുള്ളിൽ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു കുടുങ്ങിയത്. വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് കുട്ടിയെ മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മലപ്പുറം ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 10 മിനുട്ടോളം സമയമെടുത്ത് കത്രിക ഉപയോഗിച്ച് പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.