മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സന്തോഷ് ട്രോഫി മുന്‍താരം ഹംസക്കോയ ആണ് അന്തരിച്ചത്. 61 വയസായിരുന്നു. മേയ് 21നാണ് പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ കുടുംബസമേതം മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. കേരളത്തിലെ പതിനഞ്ചാമത്തെ കൊവിഡ് മരണമാണിത്.
കൊവിഡ് ബാധിച്ച് സന്തോഷ് ട്രോഫി താരം ഹംസക്കോയ അന്തരിച്ചു - covid kerala news
09:56 June 06
ഹംസക്കോയയുടെ കുടുംബത്തിലെ അഞ്ച് പേർ കൊവിഡ് ചികിത്സയില്‍
ഹംസക്കോയയുടെ കുടുംബത്തിലെ അഞ്ച് പേർ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസോലേഷൻ വാർഡില്‍ ചികിത്സയിലാണ്. മകന്‍റെ മക്കളായ മൂന്ന് വയസും മൂന്ന് മാസവും പ്രായമുള്ള കുട്ടികളും ചികിത്സയിലുണ്ട്.
കാർ മാർഗമാണ് ഇവർ മുംബൈയില്‍ നിന്ന് പരപ്പനങ്ങാടിയിലെത്തിയത്. ആദ്യം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഹംസക്കോയയുടെ ഭാര്യയേയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് 24ന് ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഹംസക്കോയയേയും മകന്‍റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലാക്കുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
മെയ് 30ന് ഹംസക്കോയക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ക്രിട്ടിക്കൽ കെയർ യൂണിറ്റ് പരിശോധിക്കുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. വെൻറിലേറ്റർ ഉൾപ്പെടെയുള്ള വിദഗ്‌ധ ചികിത്സ ആരംഭിച്ചു. പിന്നീട് നടത്തിയ എക്കോ കാർഡിയോ ഗ്രാഫി ടെസ്റ്റിൽ ഹൈപ്പർ ട്രോഫിക് കാർഡിയോമയോപ്പതി സ്ഥിരീകരിച്ചു. രോഗിക്ക് കടുത്ത ന്യുമോണിയയും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പ്ലാസ്മ തെറാപ്പി ചികിത്സ നൽകി പക്ഷേ മരുന്നുകളോട് പ്രതികരിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ 6.30 ആണ് മരിച്ചത്. മരിച്ച ഹംസക്കോയ മുൻ ഫുട്ബോൾ താരം കൂടിയാണ്. മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ 1975 -1977 ടീം അംഗമായിരുന്നു.