മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, തിരൂർ താലൂക്കിലെ പുറത്തൂർ, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്നതാണ് തവനൂർ നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് തവനൂർ മണ്ഡലം നിലവിൽ വന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീലാണ് തവനൂരില്‍ നിന്നും വിജയിച്ചത്.
ആകെ 189343 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 95947 സ്ത്രീ വോട്ടർമാരും 93396 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു.
മണ്ഡല ചരിത്രം
2008ലെ നിയമസഭ മണ്ഡല പുനർനിർണയത്തോടെയാണ് തവനൂർ മണ്ഡലം നിലവില്‍ വന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീലാണ് തവനൂരില്‍ നിന്നും വിജയിച്ചത്. 2006ൽ കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കെടി ജലീൽ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായതോടെ 2011ലെ തെരഞ്ഞെടുപ്പിൽ തവനൂരിൽ നിന്ന് 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 57,729 വോട്ടുകളാണ് ജലീൽ നേടിയത്. എതിർ സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസിന്‍റെ വിവി പ്രകാശ് 50,875 വോട്ടുകൾ നേടിയിരുന്നു. 2011ൽ ബിജെപി 7,107 വോട്ടുകൾ നേടി.
2016ൽ ഭൂരിപക്ഷം വർധിപ്പിച്ച് കെടി ജലീൽ വീണ്ടും വിജയിച്ചു. 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ഇഫ്ത്വിഖ്വാറുദീൻ മാസ്റ്ററിനെയാണ് ജലീൽ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 51115 വോട്ടുകളും എൽഡിഎഫ് 68179 വോട്ടുകളും നേടി. തെരഞ്ഞെടുപ്പിൽ 15801 വോട്ടുകൾ ബിജെപി നേടിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ നിന്നും 8,694 വോട്ടുകളാണ് ബിജെപി അധികം നേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് 2016 വോട്ട് വിഹിതം നിയമസഭാ തെരഞ്ഞെടുപ്പ് 2016 തദ്ദേശതെരഞ്ഞെടുപ്പ് 2020
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴ് മണ്ഡലങ്ങളിൽ കാലടി, വട്ടംകുളം, മംഗലം, തൃപ്രങ്ങോട് എന്നീ നാല് ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പവും എടപ്പാൾ, തവനൂർ, പുറത്തൂർ എന്നിവ എൽഡിഎഫിനെയുമാണ് പിന്തുണച്ചത്.