മുസ്ലീംലീഗിന്‍റെ പൊന്നാപുരം കോട്ട. ഒന്നു പച്ചതൊടാൻ ഇടതുപക്ഷം പഠിച്ച പണി പതിനെട്ടും പയറ്റുന്ന മണ്ണ്. ലീഗ് വിട്ടിറങ്ങുന്നവർക്ക് സ്വതന്ത്രവേഷം നല്‍കിയ ഇടതുപക്ഷം മലപ്പുറത്തിന്‍റെ മണ്ണ് ചിലപ്പോഴെല്ലാം ചുവപ്പിച്ചിട്ടുണ്ട്. പക്ഷേ എക്കാലത്തും മുസ്ലീംലീഗിന്‍റെ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന മനസാണ് മലപ്പുറത്തിന്. സംസ്ഥാനത്തിന്‍റെ അധികാര രാഷ്ട്രീയം വലത് പക്ഷത്തേക്ക് ചാഞ്ഞപ്പോഴൊക്കെ യുഡിഎഫിലെ രണ്ടാമനായി അധികാരത്തില്‍ പിടിമുറുക്കാന്‍ ലീഗിനെ സഹായിക്കുന്നതും മാറ്റമില്ലാത്ത മലപ്പുറത്തിന്‍റെ മനസ് തന്നെയാണ്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമാകെ വീശിയ ഇടതു കാറ്റില്‍ പക്ഷെ മലപ്പുറത്തെ ലീഗ് കോട്ടകള്‍ അത്ര കണ്ട് കുലുങ്ങിയിട്ടില്ല. 12 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നു. സ്വതന്ത്രന്മാരെയിറക്കി താനൂരും നിലമ്പൂരും പിടിച്ചെടുക്കാനായതും തവനൂരും പൊന്നാനിയും നിലനിര്‍ത്താനായതും ഇടത് മുന്നണിക്ക് നേട്ടമായി. ഇടതു വിരുദ്ധ വികാരം ആഞ്ഞടിച്ച 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മുന്നേറ്റം യുഡിഎഫിനായിരുന്നു. മലപ്പുറത്ത് നിന്നും കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ നിന്ന് ഇടി മുഹമ്മദ് ബഷീറും വിജയിച്ചു കയറി. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയതോടെ ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയിലും വിജയം യുഡിഎഫിനൊപ്പം നിന്നു. തദ്ദേശതെരഞ്ഞെടുപ്പിലും മലപ്പുറത്ത് വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ജില്ലാപഞ്ചായത്തിലും ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫ് തേരോട്ടം. ജില്ല പഞ്ചായത്തിലെ 27 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫ് ജയിച്ചത് അഞ്ചിടത്ത് മാത്രം. 12 ബ്ലോക്ക് പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ എല്‍ഡിഎഫിനൊപ്പം മൂന്നെണ്ണം മാത്രം. 12 നഗരസഭകളില്‍ ഒമ്പതിടത്തും യുഡിഎഫ് ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് വിജയിക്കാനായത് പൊന്നാനിയിലും നിലമ്പൂരിലും പെരിന്തല്‍മണ്ണയിലും മാത്രം.
ലീഗിന്‍റെ പൊന്നാപുരം കോട്ട പിടിക്കാൻ എല്‍ഡിഎഫ് 54 വര്‍ഷം ലീഗിന്‍റെ ഉരുക്ക് കോട്ടയായിരുന്ന താനൂര്‍ 2016ല്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരുന്നു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെയാണ് യുഡിഎഫ് താനൂരില്‍ മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ താനൂരിനെ ഇടതിനൊപ്പം ചേർത്ത സ്വതന്ത്രൻ അബ്‌ദുറഹ്മാന് തന്നെയാണ് ഇക്കുറിയും എല്‍ഡിഎഫ് അവസരം നൽകിയിരിക്കുന്നത്. അതോടൊപ്പം കെടി ജലീല്‍- ഫിറോസ് കുന്നംപറമ്പില്‍ പോരാട്ടത്തിലൂടെ സംസ്ഥാനമെങ്ങും ശ്രദ്ധിക്കപ്പെടുകയാണ് തവനൂര്‍ മണ്ഡലം. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്വതന്ത്രനായി ജയിച്ചു കയറിയ കെടി ജലീല്‍ ഇക്കുറി ഈസി വാക്കോവര്‍ പ്രതീക്ഷിക്കുന്നില്ല. സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത ഫിറോസിന്‍റെ സാന്നിധ്യം തന്നെയാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ മണ്ഡലത്തില്‍ ബിഡെജിഎസിന്‍റെ രമേശ് കോട്ടയപുറത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. തദ്ദേശത്തില്‍ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പവും മൂന്ന് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പവുമാണ് നിലയുറപ്പിച്ചത്. 2016ല്‍ ആര്യാടന്‍ വിരുദ്ധ വികാരത്തില്‍ ചെങ്കൊടി പാറിയ മണ്ഡലമാണ് നിലമ്പൂർ. കോട്ട തിരിച്ചുപിടിക്കാൻ വലത് ക്യാമ്പും, വിട്ട് കൊടുക്കാതിരിക്കാൻ ഇടതും പോരിനിറങ്ങുമ്പോള്‍ നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് അങ്കത്തിന് വീര്യം കൂടും. തദ്ദേശത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും പിവി അന്‍വറിന്‍റെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. കൈവിട്ട് പോയ മണ്ഡലം യുഡിഎഫിന് ഇക്കുറി തിരിച്ച് പിടിച്ചെ മതിയാകു. കഴിഞ്ഞ തവണ സീറ്റ് നല്‍കാതിരുന്ന വിവി പ്രകാശാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തദ്ദേശത്തിലെ മിന്നും വിജയം മുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നു.
പിറവി കൊണ്ട കാലം മുതൽ ഇടത് വലത് മുന്നണികളെ മാറി മാറി സ്വീകരിച്ച ചരിത്രമാണ് പൊന്നാനിയുടേത്. ഇടത് സ്ഥാനാർഥിയായി പി നന്ദകുമാറിനെ പ്രഖ്യാപിച്ചതോടെ അണപൊട്ടിയ പ്രതിഷേധങ്ങളിലൂടെ മണ്ഡലം വാർത്തകളിൽ ഇടം പിടിച്ചു. വലത് ആധിപത്യമുള്ള ജില്ലയിലെ ഇടതുകോട്ടയ്ക്ക് പ്രതിഷേധ കൊടുങ്കാറ്റിൽ ഇളക്കം തട്ടുമോ എന്നതാണ് ഇക്കുറി രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നത്. ഇടത്തേക്ക് ചരിഞ്ഞ മണ്ഡലം തിരിച്ചു പിടിക്കാന്‍ യുവസ്ഥാനാര്‍ഥി എഎം രോഹിതിനെയാണ് യുഡിഎഫ് രംഗത്തിറക്കുന്നത്. ഇടത് പാളയത്തിലെ വിള്ളല്‍ നേട്ടമാകുമെന്ന് മുന്നണി വിലയിരുത്തുന്നു. ഇടത് തരംഗമുണ്ടായ തദേശ തെഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താൻ കഴിഞ്ഞതും യുഡിഎഫിന്‍റെ അത്മവിശ്വാസം വർധിപ്പിക്കുന്നു. ഇടത് വലത് മുന്നണികൾ നേരിട്ടു പോരാടുന്ന മണ്ഡലത്തിൽ വലിയ പ്രതീക്ഷകൾ എൻഡിഎ വച്ച് പുലർത്തുന്നില്ല. ബിഡെജിഎസ് സീറ്റില്‍ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
പെരിന്തല്‍മണ്ണ പിടിക്കാന്‍ അരയും തലയും മുറുക്കി ഇരുമുന്നണികളുമിറങ്ങുമ്പോള്‍ ഇത്തവണ പോര് കനക്കുമെന്നുറപ്പ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗ് മണ്ഡലം നിലനിര്‍ത്തിയത്. നാലകത്ത് സൂപ്പിയുടെ മണ്ഡലം അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയില്ല. നജീബ് കാന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതും അഭിമാനപ്പോരാട്ടത്തിനുറച്ച് തന്നെയാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മണ്ഡലം പിടിക്കാന്‍ മുസ്ലീംലീഗ് വിട്ടുവന്ന് സ്വതന്ത്രനായ കെപിഎം മുസ്തഫയെയാണ് മത്സരിപ്പിക്കുന്നത്. തദ്ദേശത്തില്‍ ലഭിച്ച മുന്‍തൂക്കം കൂടിയാകുമ്പോൾ 2006നു ശേഷം വീണ്ടും പെരിന്തല്‍മണ്ണ ചുവക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ഏറനാട് മണ്ഡലത്തിൽ ഹാട്രിക്ക് വിജയം സ്വപ്നം കണ്ടാണ് മുസ്ലിം ലീഗിലെ പി.കെ ബഷീർ മത്സരത്തിനിറങ്ങുന്നത്. പക്ഷെ കാര്യങ്ങള്‍ ഇക്കുറി അത്ര എളുപ്പമാകില്ല. ബഷീറിന്‍റെ തട്ടകമായ എടവണ്ണ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചതും ശക്തികേന്ദ്രമായ ചാലിയാർ പഞ്ചായത്തിലെ എല്‍ഡിഎഫ് മുന്നേറ്റവും ലീഗിന് നേരിയ ആശങ്ക സൃഷ്ടിക്കുന്നു. സി.പി.ഐ സീറ്റില്‍ ഇടത് സ്വതന്ത്രനായി കെടി അബ്ദുറഹ്മാനാണ് മത്സരരംഗത്ത്. വികസന പ്രവർത്തങ്ങൾ എടുത്തുകാട്ടി പി.കെ.ബഷീറും, സർക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫും കളത്തിലിറങ്ങുമ്പോള്‍ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായി മാറും.
മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുണ്ടെങ്കിലും വോട്ടെണ്ണുമ്പോള്‍ അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കുന്ന മണ്ഡലമാണ് മങ്കട. വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച പലരെയും തുടര്‍ തെരഞ്ഞെടുപ്പുകളില്‍ നേരിയ ഭൂരിപക്ഷത്തിലൊതുക്കിയും പരാജയത്തിലേക്ക് നയിച്ചും മങ്കടയ്ക്ക് ചരിത്രമുണ്ട്. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 12 തവണ മുസ്ലിംലീഗ് എംഎല്‍എമാരെ നിയമസഭയിലെത്തിച്ച മണ്ഡലം. ഇടത് സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലിയുടെയും പാലൊളി മുഹമ്മദ് കുട്ടിയുടേയും ജയം മാത്രമാണ് എല്‍ഡിഎഫിന് ആകെ അവകാശപ്പെടാനുള്ളത്. ജയം ആവര്‍ത്തിക്കുമ്പോഴും ഭൂരിപക്ഷം കൂട്ടിയും കുറച്ചും പിടികൊടുക്കാത്ത മനസാണ് മങ്കടയുടേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ഭൂരിപക്ഷമിടിഞ്ഞ മണ്ഡലത്തില്‍ രണ്ട് തവണ ഇടത് സ്വതന്ത്രനായി മണ്ഡലം പിടിച്ച മഞ്ഞളാംകുഴി അലിയെയാണ് ലീഗ് ഇത്തവണയിറക്കുന്നത്. കഴിഞ്ഞ തവണ അഹമ്മദ് കബീറിനെ തോല്‍വിയോളം എത്തിച്ച ടികെ റഷീദ് അലി തന്നെയാണ് ഇക്കുറിയും ഇടത് സ്ഥാനാര്‍ഥി. തദ്ദേശത്തില്‍ കുത്തക യുഡിഎഫിനെങ്കിലും പ്രകടനം മെച്ചപ്പെടുത്തിയതും എല്‍ഡിഎഫിന് ആത്മവിശ്വാസമേകുന്നു.
തിരൂരിന്‍റെ ചരിത്രത്തില്‍ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ 13 തവണയും ജയിച്ചത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളാണ്. 2006ല്‍ സിപിഎമ്മിനോട് ഇ.ടി മുഹമ്മദ് ബഷീർ നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ ഭീതിയുള്ളതിനാല്‍ ലീഗ് നേതാവ് കുര്‍ക്കോളി മൊയ്ദീനെയിറക്കി അതിശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ച വയ്ക്കുന്നത്. 2016ല്‍ ഭൂരിപക്ഷത്തിലുണ്ടായ വലിയ കുറവ് ഇത്തവണ 2006 ആവര്‍ത്തിക്കാൻ കാരണമാകുമോയെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആശങ്ക. തദ്ദേശത്തിലെ കുത്തക വിജയങ്ങള്‍ പകരുന്ന ആത്മവിശ്വാസമാണ് യുഡിഎഫ് പ്രതീക്ഷകള്‍. മറുവശത്ത് 2016ല്‍ യുഡിഎഫ് ഭൂരിപക്ഷം കുറച്ച ഗഫൂര്‍ പി ലില്ലിസ് തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലം എന്ന നിലയിലാണ് വേങ്ങര രാഷ്ട്രീയ കേരളത്തില്‍ ശ്രദ്ധയമാകുന്നത്. ഉപതെരഞ്ഞെടുപ്പ് ഉൾപ്പടെ ഇതുവരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും തദ്ദേശത്തിലും ലീഗിനൊപ്പം മാത്രം നിന്ന ചരിത്രമാണ് വേങ്ങരയുടേത്. ലോക്സഭാ എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയ കുഞ്ഞാലിക്കുട്ടി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ മണ്ഡലത്തില്‍ മറ്റ് ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ല. ഇടതുമുന്നണിക്കായി പി ജിജിയും പ്രേമന്‍ മാസ്റ്റര്‍ എന്‍ഡിഎയ്ക്കായും ജനവിധി തേടുന്നു. കേരളത്തില്‍ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാകുന്നു എന്ന പ്രത്യേകതയാണ് വേങ്ങരയ്ക്കുള്ളത്. അനന്യയാണ് വേങ്ങര മണ്ഡലത്തിലെ ട്രാൻസ്ജെൻഡർ സ്ഥാനാർഥി.
1957 മുതല്‍ കൊണ്ടോട്ടിയുടെ ചരിത്രത്തില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയും വിജയിച്ചിട്ടില്ല. യുഡിഎഫിന് ആശങ്കയും എല്‍ഡിഎഫിന് പ്രതീക്ഷയുമില്ലാത്ത മണ്ഡലങ്ങളില്‍ മുൻപന്തിയിലാണ് മലപ്പുറത്തെ ലീഗിന്‍റെ പൊന്നാപുരം കോട്ട. സംസ്ഥാനത്തെ ഏക മുസ്‌ലിം ലീഗ് മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെ ആദ്യമായി നിയമസഭയിലെത്തിച്ചത് കൊണ്ടോട്ടിക്കാര്‍ തന്നെ. ലീഗിന്‍റെ സിറ്റിംഗ് എംഎല്‍എ ടിവി ഇബ്രാഹിം തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പതിവ് പോലെ സ്വതന്ത്രനാണ് ഇടത് സ്ഥാനാര്‍ഥിയാകുന്നത്. കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായ വണ്ടൂരില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിടുകയാണ് മുന്‍മന്ത്രി എ.പി അനില്‍ കുമാര്‍. പട്ടികജാതി സംവരണ മണ്ഡലത്തില്‍ എല്‍ഡിഎഫിനായി യുവസ്ഥാനാര്‍ഥി പി മിഥുനയെത്തുന്നത് 1996 ലെ ജയം ആവര്‍ത്തിക്കാന്‍. തദ്ദേശഫലത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പ്രചാരണത്തില്‍ പഴയ സോളാര്‍ ആരോപണങ്ങള്‍ പൊടി തട്ടിയെടുക്കുന്നുണ്ട് ഇടതുമുന്നണി. പിസി വിജയന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കൂടുതല്‍ വോട്ട് പിടിക്കുകയാണ് എന്‍ഡിഎ ലക്ഷ്യം. 1960 മുതൽ ലീഗ് സ്ഥാനാർഥികൾ മാത്രം ജയിച്ചു വരുന്ന മഞ്ചേരിയില്‍ തദ്ദേശത്തിലും യുഡിഎഫിനാണ് സമഗ്രാധിപത്യം. വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത മണ്ഡലത്തില്‍ പി അബ്ദുള്‍ നാസറാണ് ഇടത് സ്ഥാനാര്‍ഥി. പിആര്‍ രശ്മില്‍നാഥിനെയിറക്കി വോട്ട് വര്‍ധിപ്പിക്കാനാണ് എന്‍ഡിഎ ശ്രമം.
1957 ൽ തുടങ്ങുന്ന മലപ്പുറം നിയമസഭാ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ലീഗിനല്ലാതെ മറ്റൊരാൾക്കും സ്ഥാനമില്ല. ലീഗിന്‍റെ എണ്ണം പറഞ്ഞ നേതാക്കള്‍ അനായാസ വിജയം നേടിയ മണ്ഡലം. തദ്ദേശത്തില്‍ യുഡിഎഫിന് 100ല്‍ 100 മാര്‍ക്കും ലഭിച്ച മണ്ഡലം. ചര്‍ച്ചയാകുക ലീഗിന് ഭൂരിപക്ഷം കുറഞ്ഞാൽ മാത്രം. ഇത്തവണയും കാര്യങ്ങൾ പതിവുപോലെയാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലീഗിന്‍റെ ഭൂരിപക്ഷം കുറക്കാനായതിലൂന്നിയുള്ള അട്ടിമറി സാധ്യതയാണ് എൽഡിഎഫ് തേടുന്നത്. പി ഉബൈദുള്ള യുഡിഎഫിനായും പാലൊളി അബ്‌ദുറഹ്മാന്‍ എല്‍ഡിഎഫിനായും അരീക്കോട് സേതുമാധവന്‍ എന്‍ഡിഎയ്ക്കായും ജനവിധി തേടുന്നു. 2006-ൽ പഴയ കുറ്റിപ്പുറത്ത് ആദ്യമായി പരാജയപ്പെട്ടതൊഴിച്ചാൽ മുസ്ലിം ലീഗിന്‍റെ ശക്തമായ കോട്ടയാണ് കോട്ടക്കൽ. തദ്ദേശ തെരഞ്ഞെടുപ്പിലും ലീഗ് സമഗ്രാധിപത്യം നിലനില്‍ക്കുന്ന മണ്ഡലം. യുഡിഎഫ്, സിറ്റിങ് എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ രണ്ടാമങ്കത്തിനിറങ്ങുന്നു. എന്‍സിപി സീറ്റില്‍ എൻഎ മുഹമ്മദ് കുട്ടിയാണ് ഇടത് സ്ഥാനാര്‍ഥി. വോട്ട് വര്‍ധന ലക്ഷ്യമിട്ട് പിപി ഗണേശനെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
മുസ്ലീംലീഗ് സ്ഥാനാർഥികളല്ലാത്ത ഒരാൾ മാത്രമാണ് തിരൂരങ്ങാടിയില്‍ നിന്ന് ജയിച്ച് എംഎല്‍എയായത്. അതും 1995ലെ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാൻ എകെ ആന്‍റണിക്കായി ലീഗ് ഒഴിഞ്ഞുകൊടുത്തപ്പോള്‍ മാത്രം. 1957 മുതല്‍ 2016ലെ തെരഞ്ഞെടുപ്പ് വരെ മുസ്ലിംലീഗിന്‍റെ തേരോട്ടത്തില്‍ ഭൂരിപക്ഷം കുറഞ്ഞതു പോലും ചിലപ്പോള്‍ മാത്രം. മുതിര്‍ന്ന ലീഗ് നേതാവ് കെപിഎ മജീദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ അബ്ദുറബ്ബിന്‍റെ ഭൂരിപക്ഷം കുറച്ച നിയാസ് പുളിക്കലകത്തിനെയാണ് ഇടതുമുന്നണി വീണ്ടും മത്സരത്തിനിറക്കുന്നത്. വള്ളിക്കുന്നിലെ വിജയ ചരിത്രം ആവര്‍ത്തിക്കാന്‍ സിറ്റിങ് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്ററെ തന്നെ യുഡിഎഫ് രംഗത്തിറക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആറ് ഗ്രാമപ്പഞ്ചായത്തിലും വിജയിക്കാനായത് ആത്മവിശ്വാസം കൂട്ടുന്നു. ഐഎന്‍എല്‍ സീറ്റില്‍ എപി അബ്ദുള്‍ വഹാബാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് മലപ്പുറം ജില്ലയിൽ താരതമ്യേന കൂടുതൽ വോട്ടുകളുള്ള മണ്ഡലത്തില്‍ പീതാംബരന്‍ പാലാട്ടിനെയിറക്കി പരമാവധി വോട്ട് പിടിക്കാനാണ് എന്‍ഡിഎ ശ്രമം
ഭരണത്തിലേറാന്‍ മലപ്പുറം ജില്ലയിലെ വിജയം അനിവാര്യമെന്ന ഉത്തമ ബോധ്യം യുഡിഎഫിനുമുണ്ട്. പൊന്നാനിയിലും തവനൂരിലും താനൂരിലും ഒരു ഈസി വാക്കോവര്‍ ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. നിലമ്പൂരിനൊപ്പം പെരിന്തല്‍മണ്ണയും മങ്കടയും ജയിക്കുക എന്ന ലക്ഷ്യവും എല്‍ഡിഎഫിനുണ്ട്. മുസ്ലിം ഭൂരിപക്ഷ ജില്ലയില്‍ സമാഹരിക്കാവുന്ന പരമാവധി വോട്ടുകള്‍ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. മെയ് രണ്ടിന് മലപ്പുറത്തിന്‍റെ കണക്കെടുപ്പ് നടക്കുമ്പോള്‍ ഊറിക്കൂടുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായകമാകുമെന്നുറപ്പ്.