കേരളം

kerala

ETV Bharat / state

കരിപ്പൂര്‍ വിമാനാപകടം: അപകടത്തിന്‍റെ ഓര്‍മകളില്‍ ഞെട്ടല്‍ മാറാതെ എടവണ്ണയിലെ കുടുംബം - മലപ്പുറം

എടവണ്ണ പത്തപ്പിരിയത്തെ കുട്ടികളടക്കം ഏഴ് പേരാണ് അപകടത്തില്‍ പെട്ട ഈ വിമാനത്തിലുണ്ടായിരുന്നത്.

Karipur plane crash  The family of Edavanna is still shocked by the memories of the accident  കരിപ്പൂര്‍ വിമാനാപകടം  അപകടത്തിന്‍റെ ഓര്‍മകളില്‍ ഞെട്ടല്‍ മാറാതെ എടവണ്ണയിലെ കുടുംബം  മലപ്പുറം  കരിപ്പൂര്‍ വിമാനാപകടം
കരിപ്പൂര്‍ വിമാനാപകടം: അപകടത്തിന്‍റെ ഓര്‍മകളില്‍ ഞെട്ടല്‍ മാറാതെ എടവണ്ണയിലെ കുടുംബം

By

Published : Aug 7, 2021, 10:42 PM IST

Updated : Aug 7, 2021, 10:58 PM IST

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തിന് ശനിയാഴ്ച ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഈ അപകടത്തിന്‍റെ ഓര്‍മകളില്‍ ഞെട്ടല്‍ മാറാതെ ഒരു കുടുംബമുണ്ട് എടവണ്ണ പത്തപ്പിരിയത്ത്. കുടുംബത്തിലെ കുട്ടികളടക്കം ഏഴ് പേരാണ് അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവർ അപകടം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തിനേടിയിട്ടില്ല.

ദുബൈയില്‍ നിന്നും വെള്ളിയാഴ്ച നാട്ടിലേക്ക് വിമാനത്തില്‍ കുട്ടികള്‍ വരുന്നുണ്ടെന്ന് മക്കളായ സമീറും സഫ്‌വാനും വിളിച്ചറിയിച്ചിരുന്ന സന്തോഷത്തിലായിരുന്നു കുടുംബം. പത്തപ്പിരിയം സ്വദേശികളയ സമീറിന്‍റെയും സഫ്‌വാന്‍റെയും ഭാര്യമാരും അവരുടെ അഞ്ച് മക്കളും ഈ വിമാനത്തിലെ യാത്രക്കാരായിരുന്നു.

ആശുപത്രികളിലേക്ക് മാറ്റിയത് അറിഞ്ഞത് പിന്നീട്

വന്ദേഭാരത് രക്ഷദൗത്യത്തിന്‍റെ ഭാഗമായി സ്വപ്നങ്ങളും പ്രതീക്ഷകളുമായുള്ള പ്രവാസികളുടെ വരവ് വലിയ ദുരന്തത്തിലാണ് അവസാനിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടിൽനിന്ന് കരിപ്പൂർ എയർപോർട്ടിൽ എത്തിയപ്പോഴേക്കും അപകടം സംഭവിച്ചതിനെ തുടര്‍ന്ന് യാത്രികരെയെല്ലാവരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നുവെന്ന് വൈകിയാണ് അറിഞ്ഞത്.

അപകടത്തിൽ ഫാത്തിമ റഹ്മ, ജസീല നര്‍ഗീസ്, ജസ, മുഹമ്മദ് അസാന്‍ എന്നിവര്‍ അല്‍ ശിഫ ആശുപത്രിയിലും പെരിന്തല്‍മണ്ണയിലും, മുഹമ്മദ് റെഹാബ്, ഫൈഹ എന്നിവര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും, മന്‍ഹ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. പലര്‍ക്കും കൈക്കും കാലിനും കാര്യമായി പരിക്കേറ്റു.

വിവരമറിഞ്ഞത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍

റൺവേയിൽ നിന്ന് തെന്നി സുരക്ഷാ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തോടെയാണ് വിമാനം പിളർന്നു വീണത്. കൊവിഡും കണ്ടോൺമെന്‍റ് സോണും വിമാനം കത്തിയെരിയുമെന്ന് പോലും നോക്കാതെ അപകട സന്ദേശം മുഴങ്ങിയതോടെ സി.ഐ.എസ്.എഫ് ഭടന്മാരും അഗ്നിരക്ഷാസേനയും പൊലീസും ജനപ്രതിനിധികളും പരിസരവാസികളും ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിമാനത്തിന്‍റെ നാലാമത്തെ സീറ്റിലാണ് എടവണ്ണയിലെ ഈ കുടുംബത്തിലെ ഏഴ് പേരും ഇരിരുന്നത്. ഈ ഭാഗമാണ് രണ്ടായി പിളര്‍ന്നത്. സമീറും സഫ്‌വാനും പത്തപ്പിരിയത്തെ കൂട്ടം വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ആദ്യമായി വിമാനം അപകടത്തില്‍പ്പെട്ട വിവരം അറിയുന്നത്. പിന്നീട് മാധ്യമങ്ങൾ വഴിയും വാർത്തയറിഞ്ഞു. തുടര്‍ന്ന് നിരന്തരം നാട്ടിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു.

സമീറിന്‍റെ മകള്‍ക്ക് ബോധം തിരിച്ചു കിട്ടിയത് പത്ത് ദിവസം കഴിഞ്ഞ്

അപകടം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം സമീറും, സഫ്‌വാനും നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തില്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ വിമാനമെന്ന് കേള്‍ക്കുമ്പോഴേ ഭയമാണ്. സമീറിന്‍റെ മൂത്തമകള്‍ക്ക് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. മകന്‍ വിമാനത്തിന്‍റെ സീറ്റിന്‍റെ അടിയില്‍ ഏറെ നേരം കിടന്നു.

മറ്റെല്ലാവര്‍ക്കും പരിക്ക് ഗുരുതരമായിരുന്നു. അപകട രംഗം ഓര്‍ക്കുമ്പോള്‍തന്നെ മനസില്‍ ഭീതിയാണെന്നും ഇവര്‍ പറയുന്നു. നിരവധി സഹായങ്ങള്‍ പ്രഖ്യാപിച്ചുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു സഹായവും ഇവര്‍ക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇരു സര്‍ക്കാരുകളുടെയും ഒരു സഹായവും ലഭിച്ചില്ലെന്ന് പരിക്കേറ്റവര്‍ പറയുന്നു.

'നിയമ നടപടികളുമായി മുന്നോട്ടു പോകും'

എയര്‍ ഇന്ത്യയുടെ സഹായം മാത്രമാണ് ലഭിച്ചതെന്ന് സമീറും കുടുംബവും പറഞ്ഞു. പരിക്ക് പറ്റിയവരുടെയും അപകടത്തില്‍ മരിച്ചവരുടെയും കോര്‍ഡിനേഷന്‍ കണ്‍വീനറാണ് സമീര്‍. നിയമ നടപടികളുമായി ഇനിയും മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

184 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബൈയിൽ നിന്നും പുറപ്പെട്ട വിമാനം 2020 ഓഗസ്റ്റ് ഏഴിന് വൈകിട്ട് 7.41 നാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ദുബൈ കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 35 മീറ്റർ താഴ്ചയിലേക്ക് പതിയ്‌ക്കുകയായിരുന്നു. 19 ജീവനുകളാണ് നഷ്ടപ്പെട്ടത്. പിന്നീട് രണ്ടു പേർ കൂടി മരിച്ചു.

ALSO READ:ചരിത്രമെഴുതി​ നീരജ്​ ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക്​ സ്വർണം

Last Updated : Aug 7, 2021, 10:58 PM IST

ABOUT THE AUTHOR

...view details