മലപ്പുറം : നാടണയാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ 21 പേരുടെ ജീവൻ നഷ്ടമാവുകയും നിരവധി പേർ ദുരിതത്തിലാവുകയും ചെയ്ത കരിപ്പൂർ വിമാനദുരന്തത്തിന് ശനിയാഴ്ച ഒരാണ്ട്. ദുരന്തം അതിജീവിച്ചവരിൽ പലരും പരിക്കിന്റെ പിടിയിൽനിന്ന് ഇപ്പോഴും മോചിതരല്ല. ചികിത്സ തുടരുന്നവരും അപകടമുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാധിക്കാത്തവരുമുണ്ട്.
ദുരന്തശേഷം കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ചികിത്സാസഹായമടക്കം വാഗ്ദാനം ചെയ്തതല്ലാതെ ഒന്നും ലഭിച്ചില്ല. ചികിത്സാചെലവിനായി വേണ്ടിവന്ന വലിയ തുക എയർഇന്ത്യ എക്സ്പ്രസ് വഹിച്ചതാണ് ഇവര്‍ക്ക് ആശ്വാസമായത്.
ഈ തുക നഷ്ടപരിഹാരത്തിൽനിന്ന് കുറയ്ക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നു. അപകടം നടന്ന് ഒരു വർഷമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
കൂപ്പുകുത്തിയത് 35 മീറ്റർ താഴ്ച്ചയിലേക്ക്
2020 ഓഗസ്റ്റ് ഏഴിന് രാത്രി 7.41നായിരുന്നു ദുരന്തമുണ്ടായത്. കൊവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 1344 വിമാനമാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടമായി 35 മീറ്റർ താഴ്ച്ചയിലേക്ക് കൂപ്പുകുത്തിയത്. അപകട ദിവസം ക്യാപ്റ്റനും കോപൈലറ്റും ഉൾപ്പെടെ 18 പേർ മരിച്ചു.
പിന്നീട് മൂന്നുപേർക്ക് ജീവൻ നഷ്ടമായി. രണ്ടായി പിളർന്ന വിമാനത്തിന്റെ മുൻഭാഗം എയര്‍പോര്‍ട്ടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.