മലപ്പുറം:കരിപ്പൂർ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിൽപ്പെട്ട മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍. കൊടുവള്ളി, ആവിലോറ സ്വദേശി പെരുച്ചാഴി അപ്പു എന്ന പാറക്കൽ മുഹമ്മദ് (40), കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണിപൊയിൽ ജസീർ(31 ), പ്രതികള്‍ക്ക് ഒളിവിൽ കഴിയാനും ഡൽഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടാനും ഒത്താശ ചെയ്‌ത കൊടുവള്ളി കിഴക്കോത്ത് അബ്‌ദുല്‍ സലീം(45 )എന്നിവരാണ് പിടിയിലായത്.
കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ. അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘംമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം അവിടെ എത്തുകയും ഗോവൻ പൊലീസിന്‍റെ സഹായത്തോടെ പിന്തുടർന്നു. എന്നാല്‍, പ്രതികള്‍ കർണാടകയിലേക്ക് കടന്നുകളഞ്ഞു.
പ്രതികളെ പിടികൂടിയത് ബൽഗാമിൽ നിന്ന്
തുടർന്ന്, കർണാടക പൊലീസിന്‍റെ സഹായത്തോടെ ബൽഗാമിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികളെ വെള്ളിയാഴ്‌ച രാവിലെ കൊണ്ടോട്ടിയിൽ എത്തിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അപ്പുവെന്ന പാറക്കല്‍ മുഹമ്മദിനും സംഘത്തിനും എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകൾ എന്നിവ നിലവിലുണ്ട്.
സാമ്പത്തിക ഇടപാടിൽ വസ്‌തു എഴുതി വാങ്ങുകയും ലോണെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ച കേസും കൊല്ലം ജില്ലയിലെ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ മുഹമ്മദിനെതിരായുണ്ട്. കൊടുവള്ളി സ്റ്റേഷനിൽ സ്വർണക്കടത്തും ഹവാല ഇടപാടുകളുമായി ഒന്നിലധികം വധശ്രമ കേസുകളും നിലവിലുണ്ട്. ഈ കേസിൽ തന്നെ അറസ്റ്റിലായ കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗങ്ങളായ ശിഹാബ്, ജസീർ, നസീബ് എന്ന മോനു എന്നിവരോടൊത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസും നിലവിലുണ്ട്.
സംഘത്തിന്‍റെ മർദനത്തിന് ഇരയായ അന്ന് തന്നെ യുവാവ് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച കേസിലും പാറക്കല്‍ മുഹമ്മദ് ഉള്‍പ്പെടും. കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരന്‍റെ മകനെ തട്ടിക്കൊണ്ടുപോയി മർദിച്ചതിന് ശേഷമാണ് ഗുണ്ട നേതാവായി മുഹമമ്മദ് അറിയപ്പെടാൻ തുടങ്ങിയത്. ഇയാള്‍ക്കെതിരായ ഹവാല ഇടപാടുകളും മറ്റ് ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.
മുഹമ്മദ് പിടിയിലായതിന്‍റെ ആശ്വാസത്തില്‍ പൊലീസ്
വയനാട്ടിൽ വച്ച് ഇയാളുടെ സംഘത്തിൽനിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയിരുന്നു. ബത്തേരി സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഈ വാര്‍ഷം ജൂണ്‍ 21 ന് ഇയാൾ ഉൾപ്പെട്ട സംഘം കരിപ്പൂരിൽ എത്തിയത് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത് എന്ന് സൂചനയുണ്ട്.
അർജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പാറക്കല്‍ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഒരേസമയം, സ്വർണക്കടത്തുകാരനായും സ്വർണക്കവർച്ചക്കാരനായും ഹവാല പണമിടപാടുകാരനായും പ്രവര്‍ത്തിച്ച മുഹമ്മദ് പൊലീസിന് വന്‍ തലവേദനയാണ് സൃഷ്‌ടിച്ചത്.
പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് നേട്ടമായും ആശ്വാസമായുമാണ് പൊലീസ് നോക്കികാണുന്നത്. ഇയാൾക്കും മറ്റു ക്രിമിനലുകൾക്കെതിരെയും കാപ്പ അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. കൊടുവള്ളിയിലും ബാംഗ്ലൂരിലും വയനാട്ടിലെ ചില റിസോർട്ടുകളിലും ഇവർക്ക് തട്ടിക്കൊണ്ടുപോകുന്നവരെ ദിവസങ്ങളോളം പാർപ്പിച്ചു ക്രൂരമായി മർദിക്കുന്നതിനുള്ള സങ്കേതങ്ങൾ ഉള്ളതായി ചോദ്യംചെയ്യലിൽ പൊലീസിന് വിവരം ലഭിച്ചു.
വീടിന് ചുറ്റും സി.സി.ടി.വി ക്യാമറകള്‍
പ്രതികൾക്ക് സാമ്പത്തികമായും, രക്ഷപ്പെടുന്നതിന് ട്രെയിൻ, ഫ്‌ളെെറ്റ് ടിക്കറ്റുകൾ എടുത്ത് നൽകൂന്നവരും, ഇവർക്ക് ഉപയോഗിക്കാൻ വ്യാജ സിം കാര്‍ഡുകൾ എടുത്തു നൽകിയവരും ഒളിവിൽ കഴിയാനുള്ള ഒത്താശ ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ജൂണ്‍ 21-ാം തിയ്യതി കരിപ്പൂർ എയർപോർട്ടിൽ നിന്നും തട്ടികൊണ്ടു പോയ മൊയ്തീൻകുട്ടിയെ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അഞ്ചു പേർ മരണപ്പെട്ട അപകടത്തെക്കുറിച്ച് അറിയുന്നത്.
തുടർന്ന്, അയാളെയും കൊണ്ട് മഞ്ചേരിയിൽ ശിഹാബിന്‍റെ സുഹൃത്ത് ഫൈസലിന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. മുഹമ്മദിന്‍റെ വീടിനു ചുറ്റും സി.സി.ടി.വി ക്യാമറകളടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നും വരുന്ന ആളുകളുടെ നീക്കങ്ങൾ കാണത്തക്ക രീതിയിലാണ് സി.സി.ടി.വി സജ്ജീകരിച്ചിട്ടുള്ളത്.
പ്രതികളുടേത് ആഡംബര ജീവിതം
നേരത്തേ, വീട്ടിൽ അന്വേഷിച്ചുവെന്ന കാരണത്താൽ പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലുമായിരുന്നു പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ആഡംബര വാഹനങ്ങളും പ്രതികള്‍ ഉപയോഗിച്ചു. വിലകൂടിയ ഐ ഫോണുകളും നിരവധി സിമ്മുകളും സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.
കരിപ്പൂർ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ALSO READ:ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യത പട്ടികയായി