മലപ്പുറം: 2020 ഓഗസ്റ്റ് 7 എന്ന ദിവസം കൊണ്ടോട്ടിയിലും പരിസര പ്രദേശത്തുമുള്ള ആരും മറക്കാനിടയില്ല. നാടിനെ നടുക്കിയ ദുരന്തം പറന്നിറങ്ങിയ ദിവസം. 21 പേരുടെ ജീവൻ ഒറ്റനിമിഷം കൊണ്ട് ഇല്ലാതായ ദിവസം.
പക്ഷേ നഷ്‌ടപ്പെട്ടതിനെക്കാളെറെ ജീവനുകളെ രക്ഷിക്കാനായത് കൊണ്ടോട്ടിക്കാരുടെ ഒത്തൊരുമ കൊണ്ടുമാത്രം. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍ക്കും കുട്ടികളടക്കം 19 യാത്രക്കാര്‍ക്കും ജീവന്‍ നഷ്‌ടമായി. ജീവിതത്തിലേക്ക് തിരിച്ചു കയറിയത് 165 യാത്രക്കാര്‍. വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്‌മ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കാനുള്ള തീരുമാനത്തിലാണ്. അപകട സ്ഥലത്തുനിന്ന് 300 മീറ്റർ മാത്രം അകലെയുള്ള പിഎച്ച്‌സിക്കാണ് ഇവർ കെട്ടിടം നിർമിക്കുക. നാട്ടുകാർക്ക് മുഴുവൻ ആശ്വാസമാകുംവിധം സർക്കാരിന്‍റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വൻതുക ചെലവാക്കി കെട്ടിടം നിർമിക്കുമ്പോള്‍ അത് ജീവൻ രക്ഷിച്ചവര്‍ക്ക് നല്‍കുന്ന സമാനതകളില്ലാത്ത ആദരമാണ്.
അപകടം പറന്നെത്തിയ രാത്രി:കരിപ്പൂരിൽ നിന്ന് ഓരോ വിമാനവും പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴും കൊണ്ടോട്ടിക്കാരുടെ ഓർമയിൽ മറയുന്ന കാഴ്‌ച മൂന്നായി പിളർന്ന എയർ ഇന്ത്യ വിമാനമാണ്. ജീവന് വേണ്ടിയുള്ള നിലവിളികളാണ്. ആശുപത്രിയുടെ പടിവാതിൽക്കൽവരെ എത്തിയിട്ടും നഷ്‌ടപ്പെട്ടുപോയ 21 ജീവനുകളാണ്.
ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കനത്ത മഴയിൽ റൺവേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം രാത്രി 7.40ഓടെ ലാൻഡ് ചെയ്‌തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത പത്താമത്തെ റൺവേയിൽ. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്ന് 35 മീറ്ററോളം താഴേക്ക് വീണ് മൂന്ന് കഷ്‌ണമായി പിളർന്നു.
അന്ന് കൊണ്ടോട്ടിയിലും കരിപ്പൂരിലും കനത്ത മഴയാണ്. പലയിടത്തും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ. കൊവിഡിന്‍റെ ഒന്നാം തരംഗം. കരിപ്പൂർ വിമാനത്താവളം അടങ്ങുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോണിൽ. വലിയ ശബ്‌ദം കേട്ട് രാത്രിയും മഴയും തണുപ്പും കൊവിഡും മറന്ന് കൊണ്ടോട്ടിക്കാർ ഓടിയെത്തി.
കണ്ടത് ഹൃദയം തകരുന്ന കാഴ്‌ച. മൂന്നായി പിളർന്ന് കിടക്കുന്ന വിമാനം. തകർന്ന വിമാനം ഏത് നിമിഷവും കത്തിപ്പടരാം. മുന്നിൽ തകർന്ന് കിടക്കുന്നത് വന്ദേഭാരത് മിഷന്‍റെ ഭാഗമായി എത്തിയ വിമാനമെന്ന് അറിഞ്ഞതോടെ കൊവിഡ് ഭീതി. ആദ്യം എന്ത് ചെയ്യണമെന്നറിയാതെ ഓടിയെത്തിയവർ ഒന്ന് പതറി.