മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അത്യാധുനിക നാവിഗേഷൻ സംവിധാനം സ്ഥാപിച്ചു. വിമാനത്തിന്‍റെ ദിശ നിർണയിക്കുന്നതിനുള്ള ആധുനിക കൊറിയൻ നിർമിത ഡോപ്ലർ വെരി ഹൈഫ്രീകൻസി ഒമിനി റേഞ്ചും (ഡി.വി.ഒ.ആര്‍) കനേഡിയൻ നിർമിതമായ ഡിസ്റ്റൻസ് മെഷറിങ് എക്വിപ്മെന്‍റും (ഡി.എം.ഇ) ആണ് കരിപ്പൂരിൽ പുതുതായി സ്ഥാപിച്ചത്. വിമാനത്താവളത്തിൽ നിന്ന് 300 കിലോമീറ്റർ ദൂരം വരെ സിഗ്നൽ നൽകാൻ കഴിയുന്ന അത്യാധുനിക നാവിഗേഷൻ സംവിധാനമാണ് സ്ഥാപിച്ചത്. റിസീവർ ഉപയോഗിച്ച് വൈമാനികന് തന്‍റെ വിമാനത്തിന്‍റെ സ്ഥാനം നിർണയിക്കാനും ഇതിലൂടെ സാധിക്കും.
റൺവേക്ക് പുറത്ത് വിമാനത്താവളത്തിന്‍റെ പ്രവർത്തന മേഖലയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. നാല് കോടി 41 ലക്ഷം രൂപയാണ് ചെലവാക്കിയാണ് ഇവ സ്ഥാപിച്ചത്. 1995ലെ ജി.സി.ഇ.എൽ ഉപകരണം മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. നിലവിൽ ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡി.എം.ഇ മിസോറാമിലെ ലിങ്പുയ് വിമാനത്താവളത്തിലേക്ക് മാറ്റും.