മലപ്പുറം: ഇന്ത്യയുടെ അടിസ്ഥാന പ്രമാണമായ ഭരണഘടനയെ ആർക്കും തകർക്കാനാവില്ലെന്ന് കപിൽ സിബൽ എംപി. മോദി സർക്കാർ ഇന്ത്യയിലെ ജുഡീഷ്യറിയേയും മാധ്യമങ്ങളെയും പൊലീസിനേയും തുടങ്ങി എല്ലാറ്റിനേയും അവരുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു. കേരളാ ഗവർണർ മന്ത്രിസഭയെ നിയന്ത്രിക്കുവാൻ ശ്രമിക്കുകയാണ്. ഫക്കറുദ്ദിൻ അഹമ്മദിന്‍റെ കുടുംബത്തിന് പോലും പൗരത്വമില്ലാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും കപിൽ സിബൽ പെരിന്തൽമണ്ണയിൽ പറഞ്ഞു.
ഇന്ത്യയിലെ യൂണിവേഴസിറ്റികളുടെ ഘടന തകർക്കുകയാണ് മോദി സർക്കാർ. പൊലീസിനെ ഉപയോഗിച്ച് ക്യാമ്പസുകളിൽ സമാധാനപരമായി സമരങ്ങൾ നടത്തുന്ന വിദ്യാർഥികള ക്രൂരമായി മർദ്ദിക്കുകയും അവിടങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ എൻ യു ഇന്ത്യയിലെ മികച്ച സർവകലാശാലയാണ്. അവിടെ നിന്ന് മികച്ച ഒരു നേതൃത്വം തന്നെ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതാണ് അവരെ ഭയപ്പെടുത്തുന്നത്.