മലപ്പുറം: കാളികാവ് വണ്ടൂരിലെ പൂങ്ങോട് എല്‍പി സ്‌കൂള്‍ മൈതാനിയില്‍ ഫുട്‌ബോൾ ഗാലറി തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 3000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ 8000ഓളം പേരെ തിങ്ങിനിറച്ചതാണ് അപകടത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് കേസെടുത്തതെന്ന് കാളികാവ് പൊലീസ് അറിയിച്ചു.
സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനിടെ ശനിയാഴ്‌ച (19.03.2022) രാത്രി 9.45നാണ് അപകടമുണ്ടായത്. മത്സരം കാണാൻ എത്തിയ എല്ലാവർക്കും ടിക്കറ്റ് നൽകി. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാല്‍ ഔട്ടര്‍ ലൈനില്‍ വരെ ആളുകളെയിരുത്തി. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകര്‍ന്ന് വീണത്. അപകടത്തില്‍ നിരവധി പേർ ഗാലറിയ്‌ക്കടിയൽപെട്ടു.
മൈതാനം നിറയെ ആളുകള്‍ തിങ്ങിനിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ശ്രമകരമായി. കളി കാണാനെത്തിയ നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ പതിനഞ്ച് പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാലറിയുടെ നിര്‍മാണത്തിലെ പോരായ്‌മയും അപകടത്തിന് കാരണമായതായി പൊലീസ് പറയുന്നു.