മലപ്പുറം: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്ക് നീതി ലഭ്യമാകണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ നഗരസഭ ഭരണസമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഒരു വനിത നയിക്കുന്ന നഗരസഭ എന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ നഗരസഭ പ്രമേയം അവതരിപ്പിച്ചത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ സാമൂഹിക പ്രതിബദ്ധയുള്ളവര്‍ മുന്നോട്ടുവരണമെന്നും നിലമ്പൂര്‍ നഗരസഭാധ്യക്ഷ പദ്‌മിനി ഗോപിനാഥ് ആവശ്യപ്പെട്ടു.
വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം; നിലമ്പൂര്‍ നഗരസഭ പ്രമേയം അവതരിപ്പിച്ചു
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പാക്കുക, പ്രളയബാധിതർക്ക് ലഭിക്കേണ്ട സർക്കാർ സഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ചു.
കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം അനുവദിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ഭരണസമിതി യോഗത്തില്‍ അവതരിപ്പിച്ചു. പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവർക്ക് സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപ ഉടന്‍ ലഭ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രമേയങ്ങളെല്ലാം ഐകകണ്ഠ്യേനയാണ് പാസാക്കിയത്. പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന പ്രമേയം നഗരസഭാധ്യക്ഷ പദ്‌മിനി ഗോപിനാഥ് അവതരിപ്പിച്ചു. പ്രളയവുമായി ബന്ധപ്പെട്ട വിഷയം ഉപാധ്യക്ഷന്‍ പി.വി.ഹംസ അവതരിപ്പിച്ചു.