മലപ്പുറം: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന നാടുകാണി ചുരം പാതയില്‍ പഠനം നടത്താന്‍ വിദഗ്‌ധ സംഘമെത്തി. ഡല്‍ഹി സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പൽ സയന്‍റിസ്റ്റ് ഡോ. വസന്ത്, ജി. ഹവണാങ്കി, സീനിയര്‍ സയന്‍റിസ്റ്റ് ജി.എസ് പാര്‍വതി എന്നിവരാണ് പരിശോധനക്കെത്തിയത്. ഉരുള്‍പൊട്ടലില്‍ തകർന്ന ചുരത്തിലെ ജാറത്തിന് സമീപമുള്ള ഭാഗവും തേന്‍പാറ, തകരപ്പാടി ഭാഗങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
നാടുകാണി ചുരത്തിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി - ഡല്‍ഹി സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
ഇടിഞ്ഞ ഭാഗത്ത് ബോറിങ് നടത്താതെ എങ്ങനെ പുനര്‍നിര്‍മാണം നടത്താന്‍ കഴിയുമെന്ന് സംഘം പഠിക്കും
ജാറത്തിന് സമീപം റോഡ് താഴ്ന്ന ഭാഗങ്ങള്‍ പരിശോധിച്ച സംഘം സമീപത്തെ വനത്തില്‍ മുപ്പത് മീറ്റര്‍ അകലെയുള്ള കുളവും താഴ്ഭാഗത്തെ കലുങ്കിന്‍റെയും സ്ഥിതിയും വിലയിരുത്തി. ഇടിഞ്ഞ ഭാഗത്ത് വലിയതോതില്‍ ബോറിങ് നടത്താതെ എങ്ങനെ പുനര്‍നിര്‍മാണം സാധ്യമാക്കാമെന്ന് സംഘം പഠിക്കും.
വരും ദിവസങ്ങളിൽ കൂടുതല്‍ പേരടങ്ങുന്ന സംഘം പഠനത്തിനായി ചുരത്തിലെത്തും. വിശദമായ പഠനം നടത്തി ഏപ്രില്‍ ആദ്യവാരത്തില്‍ സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സീനിയര്‍ സയന്‍റിസ്റ്റ് ജി.എസ്. പാര്‍വതി പറഞ്ഞു. വിദഗ്‌ധ പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 30.09 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇത്രയും തുക കൈമാറി ഒന്നര മാസം പിന്നിട്ട ശേഷമാണ് സംഘം തിങ്കളാഴ്‌ച ചുരം സന്ദര്‍ശിക്കാനെത്തെിയത്. പൊതുമരാമത്ത് അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പ്രിന്‍സ് ബാലന്‍, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.