മലപ്പുറം:പെരിന്തൽമണ്ണയിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് പേർ പൊലീസ് പിടിയിൽ. അന്തർസംസ്ഥാന മോഷ്‌ടാക്കളാണ് പിടിയിലായ രണ്ട് പേരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അഭിരാജ് (29), കോഴിക്കോട് താമരശ്ശേരി സ്വദേശി മണി (36) എന്നിവരാണ് അറസ്റ്റിലായത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ച് വരുന്നതിനിടെ അങ്ങാടിപ്പുറം ഭാഗത്തേക്ക് ബൈക്കിൽ വരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ ബൈക്ക് സഹിതം പിടിച്ചത്.
Also Read:മക്കൾ പബ്‌ജി കളിച്ചു, അമ്മയ്ക്ക് നഷ്‌ടം ഒരു ലക്ഷം; അന്തംവിട്ട് പൊലീസ്
പെരിന്തല്‍മണ്ണ ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്‍റെ പൂട്ട് തകര്‍ത്ത് 19 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും പതിനെട്ടായിരം രൂപയും കവര്‍ന്ന കേസിലും ഇവർ പ്രതികളാണ്. പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്‌ടര്‍ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ജൂലൈ മാസം ഏഴാം തീയതിയായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്. മോഷണ വിവരം ഉടമ പൊലീസില്‍ അറിയിച്ചതോടെ പെരിന്തല്‍മണ്ണ പൊലീസ് സംഘം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്കോഡും ഫിംഗര്‍ പ്രിന്‍റ് വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.