മലപ്പുറം: അനധികൃത മണ്ണെടുക്കലിനെയും മണ്ണ് കടത്തലിനെയും തുടർന്ന് നിലമ്പൂർ വില്ലേജ് അധികൃതർ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ചരിത്രമുറങ്ങുന്ന നിലമ്പൂർ പഴയ ഫോറസ്‌റ്റ് ബംഗ്ലാവിന്‍റെ എതിർ ഭാഗത്തായിട്ടുള്ള പരിസ്ഥിതി ദുർബല മേഖലയിൽപ്പെടുന്ന ഭാഗമായ ചെങ്കുത്തായി കിടക്കുന്ന കുന്നാണ് മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ വ്യക്തി ഇടിച്ചു നിരത്തുന്നത്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നിലമ്പൂർ വില്ലേജ് ഓഫീസർ ബിജു ഹിറ്റാച്ചിയും ടിപ്പർ ലോറിയും പിടിച്ചെടുത്തത്. നിലമ്പൂർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. ജിയോളജി വിഭാഗത്തിന്‍റെ അനുമതിയോടെയാണ് മണ്ണിടിച്ച് നിരത്തിയതെന്നും കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സ്ഥലം ഉടമ പറഞ്ഞതിനാൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.
അനധികൃത മണ്ണിടിച്ച് കടത്തിയ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു
നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നിലമ്പൂർ വില്ലേജ് ഓഫീസർ ബിജു ഹിറ്റാച്ചിയും ടിപ്പർ ലോറിയും പിടിച്ചെടുത്തത്
കൊവിഡ് നിരീക്ഷണത്തിന്‍റെ ഭാഗമായി ക്വാറന്‍റീനിൽ കഴിയുന്ന സ്ഥലം ഉടമ രേഖകൾ ഹാജരാക്കാൻ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മേഖലയിൽ ഒരു നിയന്ത്രണവുമില്ലാതെയാണ് ഭൂമാഫിയ കുന്നിടിക്കുന്നതും മണ്ണ് കടത്തുന്നതും. ചെങ്കുത്തായി കിടക്കുന്ന സ്ഥലങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങി റവന്യൂ, ജിയോളജി വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുന്നിടിച്ച് വീടുകൾ നിർമ്മിച്ച് വലിയ വിലക്ക് വിൽക്കുകയാണിവർ. അഞ്ചു സെന്‍റ് സ്ഥലം സാധാരണക്കാരൻ മണ്ണിട്ട് നികത്തിയാൽ ഓടിയെത്തുന്ന റവന്യൂ ഉദ്യോഗസ്ഥർ പലപ്പോഴും വൻകിടകാരുടെ ഭൂമി തരം മാറ്റലിന് കൂട്ട് നിൽക്കുകയാണ് പതിവ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഹെക്‌ടർ കണക്കിന് ഭൂമിയാണ് ഇത്തരത്തിൽ ഭൂമാഫിയകൾ തരം മാറ്റിയത്.