മലപ്പുറം : പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 35 പവൻ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും കവർന്നു. അന്തരിച്ച കാഞ്ഞീരി ഉണ്ണികൃഷ്‌ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഉണ്ണികൃഷ്‌ണൻ്റെ ഭാര്യ മിനിയും മക്കളും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം.
പുലർച്ചെ ആറ് മണിയോടെ മിനി തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്രില്ലിൻ്റെ പൂട്ട് പൊട്ടിച്ച് താഴത്തെ നിലയിലെ വാതിലുകള്‍ തകർത്തായിരുന്നു മോഷണം. മകളുടെ വിവാഹത്തിനായി അലമാരയിൽ സൂക്ഷിച്ച പണവും സ്വർണാഭരണങ്ങളുമാണ് കവര്‍ന്നത്. കൂടാതെ വിഷുവിന് ഓട്ടുരുളിയിൽ വച്ച മോതിരവും കവർന്നു.
പുത്തനത്താണിയിൽ ആളില്ലാത്ത സമയത്ത് വീട്ടിൽ മോഷണം കിടപ്പുമുറികളിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും വലിച്ച് വാരിയിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കൽപകഞ്ചേരി പൊലീസും മലപ്പുറത്ത് നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡിലെ ചാർളി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന് സമീപം നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് വന്നത് എന്നാണ് സൂചന.
മോഷ്‌ടാവ് ഉപയോഗിച്ച മഴുവിൽ നിന്നും മണം പിടിച്ച നായ ക്ഷേത്രവളപ്പിലൂടെ തിരുന്നാവായ റോഡിലെ ചന്ദനക്കാവ് അങ്ങാടിയിലെ കടവരാന്തവരെ ഓടി നിന്നു. മോഷണം നടത്തിയ ശേഷം ഇതു വഴിയാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. ഫിംഗര്‍ പ്രിന്‍റ് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൽപകഞ്ചേരി എസ്എച്ച്ഒ ദാസിനാണ് അന്വേഷണ ചുമതല.