മലപ്പുറം : ചാലിയാര്‍ ചെട്ടിയൻപാറയില്‍ ഉരുൾപൊട്ടലുണ്ടായിട്ട് മൂന്നുകൊല്ലം പിന്നിട്ടിരിക്കുകയാണ്. പ്രകൃതി ദുരന്തത്തിന് ഇരയായി, വീടും സ്ഥലവും നഷ്ടപ്പെട്ട ഒരു ആദിവാസി കുടുംബം വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും, പെരുവഴിയിലാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും തങ്ങള്‍ക്കുനേരെ കണ്ണടച്ച മട്ടിലാണെന്ന് ഈ കുടുംബം പറയുന്നു.
മൂലേപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഓലയും പ്ലാസ്റ്റിക്കും കൊണ്ട് കെട്ടിമറച്ച്, കാറ്റും മഴയും ഉയര്‍ത്തുന്ന ഭീഷണിയുടെ നിഴലിലാണ് പെരകന്‍ - വിലാസിനി ദമ്പതികളുടെ കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നത്.
സ്വന്തമെന്ന് പറയാന്‍ അഞ്ച് സെന്‍റ് സ്ഥലവും വീടും മാത്രമാണുണ്ടായിരുന്നത്. വീടിരുന്ന സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്നത് കൂറ്റന്‍ പാറകല്ലുകൾ മാത്രം.
അവഗണന ആദിവാസി കുടുംബത്തിന് മാത്രം
ചാലിയാർ പഞ്ചായത്തിൽ നിന്നും ഗൃഹനമ്പർ ലഭിച്ച വീട്ടില്‍ വർഷങ്ങളായി താമസിച്ചുവരികയായിരുന്നു കുടുംബം. ആറ് ജീവനുകളെടുത്ത ഉരുള്‍പൊട്ടലുണ്ടായത് 2018 ഓഗസ്റ്റ് എട്ടിനാണ്.