മലപ്പുറം:മകന് ഹാരിസിന്റെ കൊലയാളികളെന്ന് സംശയിക്കുന്നവരെ കാണാൻ നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി മാതാവ് സാറാബി. വിദേശത്തായിരുന്ന മകന്റെ കൊലയാളികൾ എന്ന് സംശയിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മകൾ ഹാരിഫയ്ക്കൊപ്പം സാറാബി സ്റ്റേഷനിൽ എത്തിയത്. തിങ്കളാഴ്ച(18.07.2022) വൈകുന്നേരം ആറ് മണിയോടെ സ്റ്റേഷനിലെത്തിയ അവർ പ്രതികൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ചന്തക്കുന്ന് സ്വദേശികളായ കുത്രാടൻ അജ്മൽ, പൂളകുളങ്ങര, ഷബീബ് റഹ്മാൻ, വണ്ടൂർ സ്വദേശി ചീര ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ കൊല ചെയ്ത നിലമ്പൂർ സ്വദേശി ഷൈബിൻ അഷറഫും സംഘവുമാണ് ഹാരിസിനെ അബുദാബിയിൽ കൊല ചെയ്തതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയതായാണ് സൂചന. ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം വാഴക്കാലയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഷാബാ ഷെരീഫിന്റെ കൊലപാതകക്കേസിൽ ഒളിവിൽ പോയ ഇവർ 65 ദിവസത്തിന് ശേഷമാണ് പിടിയിലാവുന്നത്.
തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്ന് ഹാരിസിന്റെ മാതാവ് സാറാബി പറഞ്ഞു. ഷൈബിന് അഷറഫിന്റെ നേത്യത്വത്തില്‍ 13 അംഗ സംഘം ഹാരിസ് മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കുന്നമംഗലം പൊലീസിലും മുഖ്യമന്ത്രിക്കും ഹാരിസ് മരിക്കുന്നതിന് മുന്‍പ് തന്നെ പരാതി നല്‍കിയിരുന്നു.