മലപ്പുറം :കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇന്ന് (29.08.2022) മാത്രം പിടികൂടിയത് രണ്ടര കിലോയോളം സ്വർണം. 1551 ഗ്രാം സ്വർണം കസ്‌റ്റംസും, 832 ഗ്രാം സ്വർണം പൊലീസുമാണ് പിടികൂടിയത്. സംഭവത്തില്‍ വിമാനത്താവളം ജീവനക്കാരിയടക്കം നാലുപേർ പിടിയിലായിട്ടുണ്ട്.
വിമാനത്താവളത്തിലെ ക്ലീനിങ് സൂപ്പർവൈസർ കെ സജിത 1812 ഗ്രാം സ്വർണ മിശ്രിതവുമായാണ് കസ്‌റ്റംസ് പിടിയിലായത്. അടിവസ്‌ത്രത്തിൻ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരിൽ നിന്നും സ്വർണം കണ്ടെടുത്തത്. സ്വർണക്കടത്തുകാർ നൽകിയ നിർദേശമനുസരിച്ച് യാത്രക്കാരൻ ബാത്ത്റൂമിലെ പ്രത്യേക സ്ഥലത്ത് സ്വർണം ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. മുൻധാരണ പ്രകാരം സജിത ആ സ്വർണം അടി വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച് പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് കസ്‌റ്റംസ് പിടിയിലായത്. സജിതയിൽ നിന്ന് പിടികൂടിയ മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണത്തിന് 1551 ഗ്രാം തൂക്കവും എണ്‍പതുലക്ഷം രൂപയിലധികം മൂല്യവുമുണ്ട്.