മലപ്പുറം: വിമാനത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. ദുബായിൽ നിന്നും വന്ന ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിലാണ് സ്വര്‍ണം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിമാനത്തിന്‍റെ പിന്നിലെ ടോയ്‌ലറ്റിലെ ഡസ്റ്റ് ബിൻ ക്യാബിനിൽ ഒളിപ്പിച്ചിരുന്ന ടേപ്പുകൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു (Gold Smuggling).
ഇതിനുള്ളിൽ നിന്നും 2 കോടി രൂപ മൂല്യവും 3264 ഗ്രാം ഭാരവും ഉള്ള 28 സ്വർണ കട്ടികൾ ലഭിച്ചു. ഈ ഇടയായി കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് മറ്റു മാർഗ്ഗങ്ങളിൽ കൂടി ഉള്ള സ്വർണ കടത്താണ് സംഘങ്ങൾ അവലംബിക്കുന്നത്. ഇത്തരത്തിൽ വിമാനത്തിനുള്ളിൽ തന്നെ ഒളിപ്പിച്ച് കസ്റ്റംസിൻ്റെ പരിശോധന വെട്ടിച്ച് സ്വർണം കടത്തുന്ന സംഘങ്ങളെ കസ്റ്റംസ് നിരീക്ഷിച്ച് വരികയായിരുന്നു.
കൂടാതെ കസ്റ്റംസ് പിടിക്കും എന്ന് ഉറപ്പുള്ളപ്പോൾ സ്വർണം വിമാനത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള കള്ളക്കടത്ത് സംഘങ്ങളെ പിടികൂടുന്നതിനായി കസ്റ്റംസ് എയർപോർട്ടിൽ ഉള്ള മറ്റ് ഏജൻസികളെയും എയർലൈൻസ് ജീവനക്കാരെയും ഉൾക്കൊള്ളിച്ചുള്ള പദ്ധതികൾ ആണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
കരിപ്പൂരിലൂടെ സ്വര്‍ണ വേട്ട: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2023 ല്‍ പിടികൂടിയത് 300 കിലോയിലധികം സ്വര്‍ണം. അതായത് ഏകദേശം 200 കോടി വിലമതിക്കുന്ന സ്വർണം. ഇതിൽ 270 കിലോയിലധികം സ്വര്‍ണവും പിടികൂടിയത് കസ്റ്റംസാണ്. എന്നാല്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നായി 30 കിലോയിലധികം സ്വര്‍ണം കണ്ടെടുത്തതാകട്ടെ പൊലീസ് സംഘവും.