മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്‌സ്‌പ്രസിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ചോമ്പാല സ്വദേശിയായ മുഹമ്മദ് അഫ്‌സനിൽ (27) നിന്നാണ് സ്വർണ മിശ്രിതം പിടികൂടിയത്. ഏകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന 1059 ഗ്രാം സ്വർണമിശ്രിതം ശരീരത്തിൽ ഒഴിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി കോഴിക്കോട് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അഫ്‌സൻ നാല് ക്യാപ്‌സ്യൂളുകളായാണ് സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.
also read :കരിപ്പൂരിൽ വൻ സ്വർണവേട്ട ; 1.3 കോടി രൂപ വിലമതിക്കുന്ന 2.15 കിലോ സ്വർണവുമായി രണ്ടുപേര്‍ പിടിയിൽ
രണ്ട് കേസുകളിലായി 2.15 കിലോഗ്രാം സ്വർണം : കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് സ്വർണം പിടിച്ചെടുത്തിരുന്നു. ഏകദേശം 1.3 കോടി രൂപ വില മതിക്കുന്ന 2.15 കിലോഗ്രാം സ്വർണം രണ്ട് വ്യത്യസ്‌ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വന്ന മലപ്പുറം മരുത സ്വദേശിയായ അബ്ബാസ് റിംഷാദിൽ (27) നിന്ന് 1172 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതത്തിന്‍റെ നാല് ക്യാപ്‌സ്യൂളുകളും വയനാട് മാനന്തവാടി സ്വദേശിയായ മുസ്‌തഫയിൽ (28) നിന്ന് 1173 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതത്തിന്‍റെ നാല് ക്യാപ്‌സ്യൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നിലയിൽ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളക്കടത്തുസംഘം ടിക്കറ്റടക്കം ഒരു ലക്ഷം രൂപ വീതമാണ് വാഗ്‌ദാനം ചെയ്‌തിരുന്നതെന്ന് പ്രതികൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.