മലപ്പുറം: കൊണ്ടോട്ടിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. അഞ്ചരക്കിലോ കഞ്ചാവുമായി എടത്തനാട്ടുകര സ്വദേശി ഷൈജൽ ബാബുവിനെ (25) പൊലീസ് പിടികൂടി. കൊണ്ടോട്ടി ഐക്കര പടിയിൽ വെച്ച് ജില്ലാ ആന്‍റി നാർക്കോട്ടിക്ക് സ്‌ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഐക്കര പടിയിലും കൊണ്ടോട്ടിയിലും മയക്കുമരുന്ന് വിൽപന വര്‍ധിച്ചതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ആന്‍റിനാർക്കോട്ടിക്ക് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്ന് കൂടുതൽ കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് മുമ്പ് കിലോക്ക് 20,000 രൂപയായിരുന്ന കഞ്ചാവിന് ഇപ്പോൾ 80,000 രൂപ വരെയാണ് വില. ഇപ്പോൾ പിടികൂടിയ കഞ്ചാവ് ചെറുകിട വിപണിയിൽ എത്തുമ്പോൾ പത്ത് ലക്ഷം വരെ കിട്ടുമെന്ന് ഷൈജൽ ബാബു പറഞ്ഞു.
കൊണ്ടോട്ടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ - മലപ്പുറം
എടത്തനാട്ടുകര സ്വദേശി ഷൈജൽ ബാബുവിനെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്ന് കൂടുതൽ കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്
ലോക്ക് ഡൗൺ തുടങ്ങിയ ശേഷം 20 കിലോയോളം കഞ്ചാവും എൽഎസ്‌ടി സ്റ്റാമ്പ്, എംഡി എംഎ തുടങ്ങി മാരക മയക്കുമരുന്നുകളുമായി പത്തോളം പേരെയാണ് സ്‌ക്വാഡ് പിടികൂടിയത്. ഇവരെല്ലാം റിമാൻഡിലാണ്. 2016 ൽ ഷൈജൽ ബാബുവിനെ നാല് കിലോ കഞ്ചാവുമായി ചിറ്റൂർ എക്സൈസ് പിടികൂടിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വിചാരണ നടപടികൾ നടക്കുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.