കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കൊള്ളയടിച്ചു
വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം വിലവരുന്ന 900 ഗ്രാം സ്വർണമാണ് സംഘം കൈക്കലാക്കിയത്
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വർണം മുഖംമൂടി ധാരികള്‍ കൊള്ളയടിച്ചു. വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം വിലവരുന്ന 900 ഗ്രാം സ്വർണമാണ് സംഘം കൈക്കലാക്കിയത്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിപ്പൂർ വിമാനത്താവളം വഴി എയർപോർട്ട് കസ്റ്റംസിനെ അതിവിദഗ്‌ധമായി വെട്ടിച്ച് കടത്തിയ സ്വര്‍ണമാണ് മറ്റൊരു സംഘം കൊള്ളയടിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഒമാൻ എയർവേയ്‌സിൽ കോഴിക്കോട് സ്വദേശിയായ ആൾ സ്വര്‍ണവുമായി എത്തിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ ഉടന്‍ ഇയാൾ സ്വര്‍ണം മറ്റ് രണ്ട് പേര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു സംഘം ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.