മലപ്പുറം: ലക്ഷങ്ങൾ വിലയുണ്ടെന്നും അത്ഭുതസിദ്ധിയുണ്ടെന്നും പറഞ്ഞ് രഹസ്യമായി സൂക്ഷിച്ച ഇരുതലമൂരികളെ വനംവകുപ്പ് അധികൃതർ പിടികൂടി. മലപ്പുറം ഒതുക്കുങ്ങൽ നിന്ന് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാളികാവ് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ ഇൻചാർജ് സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുതലമൂരിയെ പിടികൂടിയത്. പ്രതികളെ പിടികൂടാനായില്ല. ഒതുക്കുങ്ങൽ പെരുമ്പള്ളി ടവറിലാണ് കാസർകോട് മലങ്കടവ് സ്വദേശി വി.ജെ. ഗോഡ്‌സണും സുഹൃത്തും ചേർന്ന് രണ്ട് ഇരുതലമൂരികളെ സൂക്ഷിച്ചിരുന്നത്.
രഹസ്യമായി സൂക്ഷിച്ച ഇരുതലമൂരികളെ വനംവകുപ്പ് അധികൃതർ പിടികൂടി - രഹസ്യമായി സൂക്ഷിച്ച
ക്വാറന്‍റീൻ ആവശ്യമെന്ന പേരിൽ മുറിയെടുത്താണ് ഇരുതലമൂരികളെ സൂക്ഷിച്ചിരുന്നത്.
ജോസ് എന്ന പേരിലാണ് പണിതീരാത്ത അപ്പാർട്ട്മെന്‍റിൽ ക്വാറന്‍റീൻ ആവശ്യമെന്ന പേരിൽ മുറിയെടുത്തതെങ്കിലും ഇവരുടെ മുറിയിൽ നിന്നും വി.ജെ. ഗോഡ്‌സൺ എന്ന പേരുള്ള തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിരുന്നു. ഇത് വ്യാജമാകാമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. താമസക്കാരെ കാണാതെ വന്നതോടെ അധികൃതർ മുറി തുറന്ന് പരിശോധന നടത്തിയപ്പോഴാണ് പെട്ടിയിലാക്കി പാമ്പുകളെ സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. എടവണ്ണ റെയ്ഞ്ചിന് കീഴിലുള്ള കൊടുമ്പുഴ വനം സ്റ്റേഷനിൽ പിടികൂടി സൂക്ഷിച്ചിരിക്കുന്ന രണ്ട് ഇരുതലമൂരികളെയും നാളെ കോടതിയിൽ ഹാജരാക്കും. എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസിന്‍റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഒരു മാസം മുൻപാണ് കൊണ്ടോട്ടിയിൽ ഇരുതലമൂരികളെ വിൽക്കാനുള്ള ശ്രമത്തിനിടയിൽ 5 പേരെയും, ഇരുതലമൂരിയേയും വനം വിജിലൻസ് പിടികൂടിയത്. അന്ധവിശ്വാസത്തിന്‍റെ മറവിൽ 5 ലക്ഷം മുതൽ 10 ലക്ഷം രൂപക്ക് വരെ ഇരുതലമൂരികളെ വിൽക്കാറുണ്ട്.