മലപ്പുറം: എംഡിഎംഎ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി മലപ്പുറത്ത് പിടിയില്‍. നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിളിനെ(30) ജില്ലാ ആന്‍റി നാര്‍ക്കോട്ടിക്ക് സ്ക്വോഡും പോലീസും ചേര്‍ന്ന് മഞ്ചേരി എസ്എച്ച്‌ബിടി സ്റ്റാന്‍റിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ജില്ലയിൽ മയക്കുമരുന്ന് കേസിൽ പിടിയിലാവുന്ന ആദ്യ വിദേശിയാണ് ഇയാൾ. 10 ഓളം പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു എംഡിഎംഎ.
മലപ്പുറത്ത് മയക്കുമരുന്നുമായി വിതരണ സംഘത്തിലെ വിദേശി പിടിയില്‍
നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിളാണ് എംഎഡിഎംഎ മയക്കുമരുന്നുമായി മഞ്ചേരിയില്‍ പിടിയിലായത്. ജില്ലയിൽ മയക്കുമരുന്ന് കേസിൽ പിടിയിലാവുന്ന ആദ്യ വിദേശിയാണ് ഇയാൾ
ഇയാളെ ചോദ്യം ചെയ്‌തതില്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ ഹണ്ടേഴ്‌സ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടികൂടാന്‍ ശ്രമിച്ചാല്‍ കൂട്ടമായി വന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി. ആവശ്യക്കാര്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പണം ഇയാളുടെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താല്‍ പറയുന്ന സ്ഥലത്ത് ലഹരി മരുന്നുമായി എത്തുകയാണ് പതിവ്. ഇത്തരത്തില്‍ ബംഗളൂരില്‍ നിന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായി മഞ്ചേരിയില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
കഴിഞ്ഞ മാസം കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ നിന്നായി 100 ഗ്രാമോളം എംഡിഎംഎയാണ് ജില്ലാ ആന്‍റി നാര്‍ക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്. ഇതില്‍ പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലാണ് നൈജീരിയന്‍ സ്വദേശിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൈക്കിളിനെ പിടികൂടിയത്. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയ ഇയാളുടെ കൈവശം പാസ്പോര്‍ട്ടോ മതിയായ മറ്റ് രേഖകളോ ഇല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.