മലപ്പുറം:പൂപ്പാടം കാണാനും സെല്‍ഫിയെടുക്കാനും തേക്കിന്‍റെ നാട്ടുകാര്‍ക്ക് അതിര്‍ത്തി കടന്ന് ഇനി ഗുണ്ടല്‍പേട്ട് പോവേണ്ട. കാഴ്‌ചയുടെ വിരുന്നൊരുക്കി സഞ്ചാരികള്‍ക്കായി കാത്തിരിക്കുകയാണ് നിലമ്പൂര്‍ വഴിക്കടവിലെ നറുകയില്‍ പ്രജീഷിന്‍റെ പൂപ്പാടം. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ആയിരക്കണക്കിന് ചെടികളാണ് ഇവിടെ പൂത്തുലഞ്ഞ് നില്‍ക്കുന്നത്.
കാറ്റിന് പോലും പൂക്കളുടെ സുഗന്ധമാണെന്ന് പറയാം. പൂകൃഷിയില്‍ താല്‍പര്യം തോന്നിയ പ്രജീഷ് യൂട്യൂബ് നോക്കിയാണ് കൃഷി രീതികളെല്ലാം സ്വായത്തമാക്കിയത്. തുടര്‍ന്ന് കൂട്ടുകാരന്‍റെ 30 സെന്‍റ് സ്ഥലത്ത് കൃഷി ആരംഭിക്കുകയും ചെയ്‌തു.
തൃശ്ശൂര്‍ മണ്ണുത്തിയില്‍ നിന്ന് 5000 രൂപയ്‌ക്ക് ചെടികള്‍ വാങ്ങിയാണ് കൃഷിക്ക് തുടക്കമിട്ടത്. ജൈവവളങ്ങള്‍ മാത്രമാണ് പ്രജീഷ് കൃഷിക്കായി ഉപയോഗിക്കുന്നത് എന്നതാണ് മറ്റുള്ളവരില്‍ നിന്ന് പ്രജീഷിനെ വ്യത്യസ്‌തനാക്കുന്നത്. ഓണക്കാലം ലക്ഷ്യം വച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രജീഷ് കൃഷി ആരംഭിച്ചത്. എന്നാല്‍ പരീക്ഷണ കൃഷിയില്‍ തന്നെ നൂറുമേനി വിളവെടുക്കാനായ സന്തോഷത്തിലാണ് പ്രജീഷും കുടുംബവും.