മലപ്പുറത്ത് എട്ട് ലക്ഷം രൂപയുടെ ദിര്‍ഹം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് - ചങ്ങരംകുളം റോഡ്
ഒഡിഷ സ്വദേശികളായ മൂന്ന് പേരാണ് പണം തട്ടിയെടുത്തത്
മലപ്പുറം: പട്ടാമ്പി സ്വദേശികളിൽ നിന്ന് ദിർഹം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അഞ്ച് ലക്ഷം തട്ടിയെടുത്തു. ഒഡിഷ സ്വദേശികളായ മൂന്നു പേരാണ് കൊപ്പം പ്രദേശത്തെ വ്യാപാരികളെ ചങ്ങരംകുളത്ത് വിളിച്ച് വരുത്തി പണം തട്ടിയെടുത്തത്. നേരത്തെ കൊപ്പത്തെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പരിചയമാണ് തട്ടിപ്പിന് കളമൊരുക്കിയത്. അവിടെ വെച്ച് ഇവർ 500 ദിർഹം മാറ്റി നൽകിയിരുന്നു. ഡൽഹിയിലുള്ള ബന്ധു വഴി ലഭിച്ച എട്ട് ലക്ഷം രൂപയുടെ ദിർഹമാണ് അഞ്ച് ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചത്. ചങ്ങരംകുളം റോഡിലെ കോംപ്ലക്സിന് സമീപം എത്താൻ പറയുകയും വ്യാജ ദിർഹം കാണിച്ച് കൊടുക്കുകയും ചെയ്‌തു. കെട്ടിടത്തിന്‍റെ വശത്തേക്ക് മാറി പണം സ്വീകരിച്ചതിനുശേഷം പൊതിഞ്ഞ കടലാസ് ബാഗ് കൈമാറി ഒഡീഷ സ്വദേശികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ഫോൺ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.