വനിതകള്‍ മാത്രമുള്ള ആദ്യ സമ്പൂര്‍ണ ഹജ്ജ് വിമാനം മലപ്പുറം: കേരളത്തില്‍ നിന്ന് ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാനം പറന്നുയർന്നു. വ്യാഴാഴ്‌ച (08.06.23) രാവിലെ 6.45നാണ് വനിതകള്‍ മാത്രമുള്ള വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഫ്ലാഗ് ഓഫ് ചെയ്‌തു.
യാത്രക്കാര്‍ക്കുള്ള ബോര്‍ഡിങ് പാസുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. യാത്ര സംഘത്തിലെ മുതിര്‍ന്ന അംഗമായ 76കാരി സുലൈഖയ്‌ക്ക് ബോര്‍ഡിങ് പാസ് നല്‍കിയാണ് മന്ത്രി വിതരണോദ്‌ഘാടനം നിര്‍വഹിച്ചത്. സ്‌ത്രീകള്‍ മാത്രമുള്ള വിമാന സര്‍വീസ് രാജ്യത്തെ സ്‌ത്രീ ശാക്തീകരണത്തിന്‍റെ മഹത്തായ ചുവടുവയ്‌പ്പാണെന്നും രജ്യത്തിന്‍റെ സുരക്ഷയ്‌ക്കും പുരോഗതിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും തീര്‍ഥാടകരോട് മന്ത്രി ജോണ്‍ ബര്‍ള പറഞ്ഞു.
76കാരി സുലൈഖയ്‌ക്ക് ബോര്‍ഡിങ് പാസ് നല്‍കുന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിമാന സര്‍വീസ് നടത്തുന്നത്. വിമാനത്തിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ സ്‌ത്രീകളാണ്. 145 വനിത യാത്രക്കാരുള്ള വിമാനത്തിന്‍റെ നിര്‍ണായക ഫ്ലൈറ്റ് ഓപ്പറേഷന്‍ റോളുകളെല്ലാം പൂര്‍ണമായും നിര്‍വഹിച്ചത് വനിത ജീവനക്കാര്‍ തന്നെയാണ്.
ഫ്ലാഗ് ഓഫ് ചടങ്ങിനിടെയുള്ള ചിത്രം ആറ് ജീവനക്കാരാണ് വിമാനത്തില്‍ ഉള്ളത്. കനിക മെഹ്‌റ, ഫസ്റ്റ് ഓഫീസര്‍ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാര്‍. ബിജിത എംബി, ശ്രീലക്ഷ്‌മി, സുഷമ ശര്‍മ, ശുഭാംഗി ബിശ്വാസ് എന്നിവരാണ് കാബിന്‍ ക്രൂ അംഗങ്ങള്‍. തിങ്കളാഴ്‌ച വരെ 11 വിമാനങ്ങളാണ് വനിത തീര്‍ഥാടകര്‍ക്ക് മാത്രമായി കരിപ്പൂര്‍ വിമാന താവളത്തില്‍ ഷെഡ്യൂള്‍ ചെയ്‌തിട്ടുള്ളത്.
തീര്‍ഥാടകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി 11 വിമാനങ്ങളില്‍ പല ദിവസങ്ങളിലായി 1595 വനിത തീര്‍ഥാടകരാണ് യാത്ര ചെയ്യുക. സംസ്ഥാനത്ത് നിന്ന് ഇത്തവണ 2733 വനിത തീര്‍ഥാടകരാണ് ഹജ്ജിനായി യാത്ര തിരിക്കുന്നത്. ഇതില്‍ 1718 പേര്‍ കരിപ്പൂര്‍ വഴിയും 563 പേര്‍ കൊച്ചി വഴിയും 452 പേര്‍ കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ വഴിയും പുറപ്പെടും. ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ തീര്‍ഥാടക മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് സ്വദേശിയായ ഖാദിയുമ്മയാണ്. 87 കാരിയാണ് ഖാദിയുമ്മ.
കണ്ണൂരില്‍ നിന്നുള്ള തീര്‍ഥാടക സംഘം ഇന്ന് (മെയ് 9) ഉച്ചയ്‌ക്ക് ശേഷം പുറപ്പെടും. അതില്‍ 71 പുരുഷന്മാരും 74 സ്‌ത്രീകളുമാണുള്ളത്. അതേസമയം കൊച്ചിയില്‍ നിന്നുള്ള രണ്ടാമത്തെ തീര്‍ഥാടക സംഘം ഇന്ന് (മെയ് 9) 11.30 ന് യാത്ര തിരിക്കും.
തീര്‍ഥാടകരെ കണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി: ആന്ധ്രപ്രദേശില്‍ നിന്ന് മക്കയിലേക്ക് യാത്ര പുറപ്പെടുന്ന തീര്‍ഥാടകരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തടസ രഹിതമായ യാത്ര ഉറപ്പാക്കാനുള്ള മുഴുവന്‍ സംവിധാനങ്ങളും ഒരുക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തീര്‍ഥാടകരോട് പറഞ്ഞു. വിജയവാഡ എംബാര്‍ക്കേഷന്‍ പോയിന്‍റില്‍ നിന്ന് ഇതാദ്യമായാണ് തീര്‍ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്നത്.
"നിങ്ങളെ അനുഗമിക്കുന്ന ഉപമുഖ്യമന്ത്രി അംജദ് ബാഷ നിങ്ങളെ പരിപാലിക്കുമെന്നും എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ അപ്പോള്‍ തന്നെ അദ്ദേഹം വിവരം അറിയിക്കുമെന്നും" തീര്‍ഥാടകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.