മലപ്പുറം: ചികിത്സയ്‌ക്കെത്തിയ കുടുംബത്തിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വ്യാജ സിദ്ധൻ പിടിയിൽ. കാരായപ്പാറ സ്വദേശി മമ്പാടൻ അബ്ബാസിനെയാണ് (45) പാണ്ടിക്കാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ മുഹമ്മദ് റഫീഖും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
18 ലക്ഷം രൂപ തട്ടിയെടുത്തു; വ്യാജ സിദ്ധൻ പിടിയിൽ
കാരായപ്പാറ സ്വദേശി മമ്പാടൻ അബ്ബാസാണ് വ്യാജ സിദ്ധൻ ചമഞ്ഞ് 18 ലക്ഷം തട്ടിയ സംഭവത്തിൽ പിടിയിലായത്.
ആൾ ദൈവമായി ചമഞ്ഞ് നടക്കുന്ന അബ്ബാസ് കാരായപ്പാറയിലെ വീട്ടിൽ ചികിത്സ നടത്തി വരികയായിരുന്നു. ഇയാളുടെ അടുത്ത് ചികിത്സക്കെത്തിയ തുവ്വൂർ സ്വദേശികളുടെ കയ്യിൽ സ്ഥലം വിൽപന നടത്തിയ വകയിൽ 18 ലക്ഷം രൂപ ഉണ്ടന്ന് മനസിലാക്കി തഞ്ചത്തിൽ പണം കൈക്കലാക്കുകയായിരുന്നു. ശീതള പാനീയത്തിൽ മയക്ക് മരുന്ന് നൽകിയാണ് പണം തട്ടിയത്.
ചതി മനസിലാക്കിയ കുടുംബം പിന്നീട് അബ്ബാസിനോട് നിരന്തരം പണം ആവശ്യപെട്ടങ്കിലും ഒൻപത് ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്. ബാക്കി തുക നൽകാതായതോടെ കുടുംബം പാണ്ടിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരായപ്പാറയിൽ വെച്ച് ഇയാളെ പൊലീസ് അറസ് ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.