മലപ്പുറം: ഒരു കാലത്ത് വീഥികളിലെ താരമായിരുന്ന ഫിയറ്റിന്‍റെ പ്രീമിയർ പത്മിനി കാറുകൾ ഇന്നും അഭിമാനത്തോടെ കൊണ്ടു നടക്കുന്നവർ നിരവധിയാണ്. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കോട്ടക്കൽ ചങ്കുവെട്ടിയിൽ സംഘടിപ്പിച്ച കാറുകളുടെ പ്രദർശനം ശ്രദ്ധേയമായി.
പഴമയുടെ പ്രൗഢിയില്‍ പ്രീമിയര്‍ പത്മിനി കാറുകളുടെ പ്രദര്‍ശനം
1964-ൽ ഇന്ത്യൻ നിരത്തിൽ എത്തിയ പ്രീമിയര്‍ പത്മിനി മൂന്ന് പതിറ്റാണ്ടോളം നിരത്തിലെ നിറസാന്നിധ്യമായിരുന്നു
പഴയ തലമുറക്കാർക്ക് പ്രീമയർ പത്മിനി അന്നും ഇന്നും സൂപ്പർ കാറാണ്. കാർ എന്നത് ആഡംബരത്തിന്‍റെ അവസാന വാക്കായിരുന്ന കാലത്ത് നിരത്തിലെ പ്രധാന വാഹനങ്ങളിലൊന്നായിരുന്നു പത്മിനിയും. ഒരു മടങ്ങിവരവ് ഉണ്ടായാൽ ഇരുകൈയും നീട്ടി പത്മിനിയെ ആളുകൾ സ്വീകരിക്കുമെന്നതിന്‍റെ തെളിവായിരുന്നു ചങ്കുവെട്ടിയിലെ കാറുകളുടെ പ്രദർശനം. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരം കാറുകൾ സൂക്ഷിക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടേയും കമ്മിറ്റികൾ നിലവിലുണ്ട്. മലബാർ മേഖല കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്‌മ രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രദർശനം ഒരുക്കിയതെന്ന് സംഘാടകനായ ഷെബിൻ പറഞ്ഞു.
1964-ൽ ഇന്ത്യൻ നിരത്തിൽ എത്തിയ പ്രീമിയർ പത്മിനി, തുടർന്ന് മൂന്ന് പതിറ്റാണ്ടുകൾ നിരത്തിൽ നിറസാന്നിധ്യമായിരുന്നു. 1996-ൽ കാലത്തിനിണങ്ങുന്ന മാറ്റങ്ങളുമായി 'പത്മിനി എസ് വൺ' എന്ന പേരിൽ വീണ്ടും എത്തിയെങ്കിലും ആ കുതിപ്പ് ഏറെക്കാലം നീണ്ടുനിന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം വാഹനങ്ങളാണ് പ്രദർശനത്തിനെത്തിയത്. 1998-ഓടെ പ്രതീക്ഷക്ക് പോലും വകയില്ലാതെ പൂർണമായും നിരത്തൊഴിഞ്ഞ ഈ കാറുകൾക്ക് ഇപ്പോഴും വൻ ഡിമാന്‍റാണെന്ന് തെളിയിച്ചു കോട്ടക്കലിലെ പ്രദർശനം.