മലപ്പുറം:വീടുകളിൽ നിന്ന് ശേഖരിച്ച പാഴ് വസ്‌തുക്കൾ ഉപയോഗിച്ച് യുവാവിന്‍റെ കരവിരുതിൽ വിരിഞ്ഞത് മഹാത്മാഗാന്ധിയുടെ കൂറ്റൻ ചിത്രം. ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശി മുഹമ്മദലി, സുബൈദ ദമ്പതികളുടെ മകനായ മുഹമ്മദ് ഫായിസാണ് റീസൈക്കിൾ ആർട്ട് എന്ന ഈ വേറിട്ട കലാസൃഷ്‌ടിക്ക് പിന്നിലുള്ളത്. രാജ്യത്തിന്‍റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന്‍റെ ഭാഗമായി അരീക്കോട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനക്കും, ഗ്രീൻ വോംസിനും വേണ്ടിയാണ് ഫായിസ് ഇത്തരത്തിലൊരു വേറിട്ട ചിത്രം നിർമിച്ചു നൽകിയത്.
പാഴ് വസ്‌തുക്കൾ ഉപയോഗിച്ച് ഗാന്ധിജിയുടെ കൂറ്റൻ ചിത്രം വരച്ച് മലപ്പുറം സ്വദേശി ഫായിസ് അരീക്കോട് ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്ന് ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിച്ച പാഴ് വസ്‌തുക്കൾ മാത്രം ഉപയോഗിച്ചാണ് മഹാത്മാഗാന്ധിയുടെ ഒറിജിനൽ ചിത്രത്തെ വെല്ലുന്ന ഈ കൂറ്റൻ ചിത്രം ഫായിസ് നിർമിച്ചെടുത്തത്. റീസൈക്കിൾ ആർട്ട് എന്ന് അറിയപ്പെടുന്ന ഈ നിർമാണ രീതി തുർക്കിയിലാണ് പ്രധാനമായും കണ്ടുവരുന്നത്.
റീസൈക്കിൾ ആർട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരീക്ഷണാടിസ്ഥാനത്തിലാണ് ഫായിസും ഇത്തരം ഒരു നിർമാണ രീതി പരീക്ഷിച്ചത്. സ്വാതന്ത്ര്യത്തേക്കാൾ വലുത് ശുചിത്വമാണ് എന്ന സന്ദേശം ഉയർത്തി പിടിച്ചാണ് സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ഇത്തരമൊരു ചിത്രം തയ്യാറാക്കിയത് എന്ന് ഫായിസ് പറഞ്ഞു. 12 അടി നീളത്തിലും എട്ടടി വീതിയിലുമാണ് ചിത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
പ്രധാനമായും വീടുകളിൽ നിന്ന് ശേഖരിച്ച പാഴ് വസ്‌തുക്കളായ പ്ലാസ്‌റ്റിക് കവറുകൾ, പ്ലാസ്‌റ്റിക് കുപ്പികളുടെ അടപ്പ്, ഇലക്‌ട്രോണിക് വസ്‌തുക്കൾ, കളിപ്പാട്ടങ്ങൾ, പേന ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ചിത്രം നിർമിച്ച് എടുത്തത്. ഇന്‍റർനെറ്റിൽ നിരവധി ദിവസം പഠനം നടത്തി ഏഴ് ദിവസം കൊണ്ടാണ് കലാകാരനായ ഫായിസ് ചിത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. ബോർഡിൽ വ്യത്യസ്‌ത രീതിയിൽ ഗാന്ധിജിയുടെ ചിത്രം വരച്ചെടുത്ത് അതിന്മേൽ പ്ലാസ്റ്റിക് വസ്‌തുക്കൾ ഒട്ടിച്ചാണ് ഇതിന്‍റെ നിർമാണരീതി.
വളരെ കൃത്യമായി സൂക്ഷ്‌മതയോടെയും ക്ഷമയോടെയും ചെയ്യേണ്ട ജോലിയാണ് ഇത് എന്നും ഇങ്ങനെ ചെയ്‌താൽ മാത്രമേ നമ്മൾ കരുതുന്ന ചിത്രം ആവുകയുള്ളൂ എന്നും ഫായിസ് പറഞ്ഞു. കോഴിക്കോട് ഫൈൻ ആർട്‌സ് കോളേജിൽ പഠനം പൂർത്തിയാക്കിയ ഫായിസ് വരച്ച നിരവധി ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം ഒറ്റനോട്ടത്തിൽ നോക്കിയാൽ പെയിന്‍റ് കൊണ്ട് നിർമിച്ചതാണെന്ന് തോന്നും.
അത്രയേറെ പൂർണതയോടെയാണ് ഫായിസ് ചിത്രം പൂർത്തിയാക്കിയത്. റീസൈക്കിൾ ആർട്ടിലൂടെ നിർമിച്ച ഗാന്ധിജിയുടെ കൂറ്റൻ ചിത്രം സ്വാതന്ത്ര്യ ദിനത്തിൽ അരീക്കോട് അങ്ങാടിയിൽ പ്രദർശനത്തിന് വേണ്ടി അരീക്കോട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് കൈമാറാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഫായിസും നിർമാണത്തിന് സഹായത്തിനുള്ള സുഹൃത്തുക്കളും.