സമ്മാനത്തുകയുടെ കാര്യം 'റെഡ്യാക്കി' ഫായിസ് - ഫായിസ് ദുരിതാശ്വാസ നിധി
പരാജയങ്ങളിൽ തളർന്ന് പോകുന്നവരുടെ ലോകത്ത് ആത്മവിശ്വാസം കൊണ്ട് ശ്രദ്ധയാകർഷിച്ച താരമാണ് ഫായിസ് എന്ന നാലാം ക്ലാസുകാരൻ. സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഫായിസ് കൈമാറിയത്.
മലപ്പുറം: " എങ്ങനെ ആയാലും ഞമ്‌ക്കൊരു കൊയ്‌പ്പൂല്ല്യ.." ഫായിസിന്‍റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ മാത്രമല്ല, കേരളം ഒന്നാകെയാണ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ നിരവധി സമ്മാനങ്ങൾ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ഫായിസിനെ തേടിയെത്തി. സമ്മാനമായി ലഭിച്ച തുകയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനുള്ള താൽപര്യം ഫായിസ് ആദ്യമേ അറിയിച്ചിരുന്നു. ഇന്ന് ജില്ലാ കലക്‌ടറുടെ ഓഫീസിലെത്തിയ ഫായിസും കുടുംബവും തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഫായിസ് എന്ന നാലാം ക്ലാസുകാരൻ സമൂഹത്തിന് മാതൃകയാണെന്ന് തുക ഏറ്റുവാങ്ങിയ ശേഷം കലക്‌ടർ കെ. ഗോപാലകൃഷ്‌ണൻ അറിയിച്ചു. ഫായിസിന് പ്രശസ്‌തി പത്രം നൽകി കലക്‌ടർ അഭിനന്ദിച്ചു. 'മിൽമ'യിൽ നിന്നുൾപ്പെടെ ലഭിച്ച 10,313 രൂപയാണ് ഫായിസ് കലക്‌ടർക്ക് കൈമാറിയത്. ഈ മഹാമാരി കാലത്ത് തന്നാലായത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫായിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.