മലപ്പുറം: ശക്തമായ മഴയിൽ റൺവേ കാണാൻ സാധിക്കാതെ വിമാനം റൺവേയിൽ നിന്ന് പുറത്തേയ്ക്ക് പോയതാണ് കരിപ്പൂരിൽ അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. രാത്രി 7:45ഓടെയാണ് കരിപ്പൂരിൽ വിമാന അപകടമുണ്ടായത്. വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയിൽനിന്ന് 190 യാത്രക്കാരുമായി പ്രദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്‍റെ IX1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 30 വര്‍ഷത്തെ പരിചയ സമ്പത്തുമായി ക്യാപ്റ്റന്‍ ദീപക് സാത്തേയാണ് വിമാനം നിയന്ത്രിച്ചത്.
വിമാനം റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാൽ പൈലറ്റിന് റൺവേ കൃത്യമായി കാണുവാൻ സാധിച്ചില്ല. തുടർന്ന് പൈലറ്റ് ലാൻഡിങിന് സാധിക്കുന്നില്ലെന്ന് കൺട്രോൾ റൂമിൽ അറിയിച്ചു. ലാൻഡിങിന് തയ്യാറായ വിമാനം ടേക്ക് ഓഫ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ശക്തമായ മഴകാരണം അതിനും സാധ്യമായില്ല. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം ക്യാപ്റ്റൻ വിമാനം വീണ്ടും റൺവേയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശക്തമായ മഴ കാരണം അദ്ദേഹത്തിന് റൺവേ കാണാൻ സാധിച്ചിരുന്നില്ല.