മലപ്പുറം : പെരിന്തൽമണ്ണയിൽ പ്രവാസിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കം ഒൻപത് പേർ അറസ്റ്റിലായതായി ഡിവൈ.എസ്.പി എസ്. സന്തോഷ് കുമാർ. നാല് പ്രതികൾ കൂടി ഇനിയും അറസ്റ്റിലാകാനുണ്ട്. അതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗളി സ്വദേശി അബ്‌ദുൽ ജലീലിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി യഹിയയെ കഴിഞ്ഞ ദിവസം അർധരാത്രി പൊലീസ് പിടികൂടിയിരുന്നു. പെരിന്തൽമണ്ണ ആക്കപ്പറമ്പിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ വലയിലാക്കിയത്.
പെരിന്തൽമണ്ണ പ്രവാസിയുടെ കൊലപാതകം; ഇതുവരെ അറസ്റ്റിലായത് ഒൻപത് പേർ വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുന്ന കാരിയറായിരുന്ന അബ്‌ദുൽ ജലീലിനെ യഹിയയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഒരു കിലോയോളം സ്വര്‍ണമാണ് അബ്‌ദുൽ ജലീലിന്‍റെ കൈവശം കൊടുത്തുവിട്ടത്. എന്നാൽ ഈ സ്വര്‍ണം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച യഹിയയുടെ സംഘത്തിന് ലഭിച്ചിട്ടില്ല.
Also Read: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി പിടിയിൽ
ജലീലിന്‍റെ പക്കല്‍ കൊടുത്തയച്ച സ്വര്‍ണം വിമാനത്തില്‍ കയറുന്നതിനുമുമ്പ് തന്നെ മറ്റാര്‍ക്കോ കൈമാറി എന്നാണ് സംശയം. ജലീലിന്‍റെ ബാഗും മറ്റ് വസ്‌തുക്കളും കണ്ടെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. യഹിയക്ക് പുറമെ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, ഇവര്‍ക്ക് സഹായം ചെയ്‌തുകൊടുത്ത അനസ് ബാബു, മണികണ്‌ഠന്‍, മുഖ്യപ്രതി യഹിയയെ ഒളിവില്‍ പോകാനും രക്ഷപ്പെടാനും സഹായിച്ച കരുവാരക്കുണ്ട് സ്വദേശി നബീല്‍, പാണ്ടിക്കാട് സ്വദേശി മരക്കാര്‍, അങ്ങാടിപ്പുറം സ്വദേശി അജ്‌മല്‍ എന്നിവരാണ് അറസ്റ്റിലായത്.
മെയ് 15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്‌ദുൽ ജലീലിനെ നാലുദിവസത്തിന് ശേഷമാണ് ക്രൂര മർദനമേറ്റ് ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ തൊട്ടുപിന്നാലെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തിയതോടെയാണ് കേസിന് തുമ്പുണ്ടായത്.