മലപ്പുറം: കനത്ത പോരാട്ടം നടന്ന പൊന്നാനിയിൽ മുസ്ലിം ലീഗ് ഇത്തവണയും ഇ.ടി. മുഹമ്മദ് ബഷീറിലൂടെ പച്ചക്കൊടി പാറിച്ചു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടിയാണ് ഇ.ടി ഇത്തവണ പാർലമെന്‍റിലേക്ക് നടന്നുകയറുന്നത്. 2009ലാണ് ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നത്. 19,3230 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പൊന്നാനി നിയോജക മണ്ഡലം മുസ്ളീംലീഗിന് നല്‍കിയത്.
പൊന്നാനിയിൽ വീണ്ടും പച്ചക്കൊടി പാറിച്ച് ഇ.ടി. മുഹമ്മദ് ബഷീർ കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയും നാലുതവണ എം എൽ എയും ആയിരുന്ന വ്യക്തിയാണ് ഇടി. 2009ല്‍ 82000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്നും ജയിച്ചത്. എന്നാൽ 2014ല്‍ കഥമാറി. കാൽ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. പാർലമെന്‍റില്‍ ലീഗിന്‍റെ ശബ്ദമാകാൻ ഇ.ടി. മുഹമ്മദ് ബഷീറിന് സാധിച്ചു. മുത്തലാഖ് ബില്ലിനെതിരെ പാർലമെന്‍റില്‍ നടത്തിയ പ്രതിഷേധവും സാമ്പത്തിക സംവരണ ബില്ലിനെതിരെ സ്വീകരിച്ച നിലപാടും സാമുദായ സംഘടനകൾക്കിടയിൽ ഇ.ടി.യുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. മികച്ച പാർലമെന്‍റേറിയൻ എന്ന നിലയിൽ പത്തുവർഷത്തെ അദ്ദേഹത്തിന്‍റെ പ്രകടനത്തെ തൃപ്തികരമായിട്ടാണ് മറ്റു പാർട്ടിക്കാർ പോലും കാണുന്നത്. അങ്ങനെ അഭിമാന തട്ടകമായ പൊന്നാനിയിൽ ഇത്തവണയും ഇ.ടി. മുഹമ്മദ് ബഷീർ പച്ചക്കൊടി പാറിപ്പിച്ചു.