മുസ്ലീം ലീഗിന് ശക്തമായ വേരോട്ടമുളള മണ്ഡലമാണ് ഏറനാട്. ബ്രിട്ടീഷുകാർക്കെതിരെ നടന്ന മാപ്പിള സമരങ്ങളുടെ കേന്ദ്രമായിരുന്നു ഏറനാട്. പുഴകളും മലയോരമേഖലകളും വനപ്രദേശങ്ങളുമെല്ലാമായി പ്രകൃതി അനുഗ്രഹിച്ച മണ്ഡലമാണ് ഏറനാട്. മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭ മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് 2008ല്‍ ഏറനാട് മണ്ഡലം രൂപീകരിച്ചത്.
മണ്ഡലത്തിന്‍റെ ചരിത്രം
മണ്ഡല പുനർനിർണ്ണയത്തിന് ശേഷം 2011-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗിന്‍റെ പി.കെ ബഷീറാണ് ആദ്യ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷ മുന്നണി എന്ന രീതിയിൽ ആയിരുന്നില്ല അന്നത്തെ മത്സരം സി.പി.ഐയുടെ സ്ഥാനാർഥിയ്ക്ക് പുറമെ സി.പി.എമ്മിന്‍റെ പിന്തുണയോടെ പിവി അൻവർ സ്വതന്ത്രനായും മത്സര രംഗത്തുണ്ടായിരുന്നു. എൽഡിഎഫിന്‍റെ സിപിഐ സ്ഥാനാർഥി നാലാം സ്ഥാനത്തായിരുന്നു. 2016-ൽ നടന്ന തെരഞ്ഞെടുപ്പിലും ബഷീർ തന്നെയായിരുന്നു ഏറനാടിന്‍റെ എംഎൽഎ.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഏറനാട് നിയമസഭാമണ്ഡലം നിലവിൽ വന്നത്. നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം. 2019 ലെ വോട്ടർ പട്ടിക പ്രകാരം 171167 വോട്ടർമാരാണുള്ളത്. 86831 പുരുഷൻമാരും 84336 സ്‌ത്രീ വോട്ടർമാരുമാണ് ഈ നിയോജകമണ്ഡലത്തിലുളളത്.
നിയമസഭ തെരഞ്ഞെടുപ്പ് 2011
ഏറനാട് മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ 11,246 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പി കെ ബഷീർ ഏറനാടിന്‍റെ എംഎൽഎ ആയി. 114435 പേർ വോട്ട് രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗ് സ്ഥാനാർഥി പികെ ബഷീർ 58698 (51.29%) വോട്ടും സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ 47452 (41.47%) വോട്ടും, ബിജെപി സ്ഥാനാർഥി കെ.പി.ബാബുരാജ് 3448 (3.01%) വോട്ടും നേടി ബിജെപിക്കും പിന്നിലായി സിപിഐ സ്ഥാനാർഥി അഷ്‌റഫ് കാളിയത്ത് 2700 (2.36%) നേടി.
നിയമസഭ തെരഞ്ഞെടുപ്പ് 2016
12,893 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വീണ്ടും പികെ ബഷീർ വീണ്ടും ഏറനാടിന്‍റെ എംഎൽഎ ആയി. 135389 പേർ വോട്ട് രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗ് സ്ഥാനാർഥി പികെ ബഷീർ 69048 (51%) വോട്ടും എൽഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥി കെ.ടി. അബ്‌ദു റഹിമാൻ 56,155(46.48%) വോട്ടും ബിജെപി സ്ഥാനാർഥി കെ പി ബാബുരാജ് മാസ്റ്റർ തുണ്ടത്തിൽ 6055 (4.47%) വോട്ടും നേടി.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
ഏഴ് പഞ്ചായത്തുകളിൽ ആറെണവും യുഡിഎഫ് ആണ് ഭരിക്കുന്നത്. 20 വര്‍ഷത്തിന് ശേഷം യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ എടവണ്ണ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.