മലപ്പുറം: ഇനി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവര്‍ക്ക് രജിസ്റ്ററില്‍ പേരും വിലാസവും ഫോണ്‍ നമ്പറും എഴുതി ബുദ്ധിമുട്ടേണ്ട. ഓഫീസിന് പുറത്ത് പതിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌താല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും നേരെ പഞ്ചായത്ത് സെക്രട്ടറിയുടെ ഫോണിലെത്തും. കൊവിഡ് വ്യാപന ഭീഷണി നേരിടുന്നതിനാണ് നൂതന സാങ്കേതിക വിദ്യയുടെ സഹാത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധം; മലപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് ഇനി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് കയറാം - QR code scan
കൊവിഡ് വ്യാപന ഭീഷണി നേരിടുന്നതിനാണ് നൂതന സാങ്കേതിക വിദ്യയുടെ സഹാത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്
മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍. 'ഇന്‍സൈഡ് ഇന്‍' എന്ന ആപ്പ് പ്ലേസ്റ്റോര്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്‌ത് സ്വന്തം മൊബൈല്‍ നമ്പറും പേരും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ഓഫീസിന് പുറത്തെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് ഓക്കെ ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ പേര് ഓഫീസ് രജിസ്റ്ററില്‍ ഡിജിറ്റലായി പതിയും. കൊവിഡ് പഞ്ചാത്തലത്തില്‍ രജിസ്റ്റര്‍ ബുക്കും പേനയും പലരും ഉപയോഗിക്കുന്നതിനാല്‍ വൈറസ് പകരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പദ്ധതി. കൂടാതെ സന്ദർശകര്‍ ആരൊക്കെ എപ്പോഴൊക്കെ ഓഫീസിൽ വന്നുവെന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താനും ഇതുവഴി സാധിക്കും. എസ്‌പൈന്‍ എന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയാണ് ആശയത്തിന് പിന്നില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷണൻ സംരംഭത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്‍റ് സക്കീന പുൽപാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ, വി. സുധാകരൻ, അനിതാ കിഷോർ, സിക്രട്ടറി എൻ. അബ്‌ദുൽ റഷീദ്, എസ്‌പൈന്‍ സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ എഞ്ചിനീയർമാരായ സി. പി മുഹമ്മദ് ഹാഷിം, പി. മുഹമ്മദ് സുഹൈബ്, ടി.പി അസ്ഹർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.